രാജ്യസ്നേഹത്തിന്‍റെ കണിക അവശേഷിക്കുന്നെങ്കിൽ കെ.ടി. ജലീലിനെ പിണറായി തള്ളിപ്പറയണമെന്ന് കെ.സി. വേണുഗോപാൽ

തൃശൂർ: രാജ്യസ്നേഹത്തിന്‍റെ കണിക അവശേഷിക്കുന്നുവെങ്കിൽ പിണറായി വിജയൻ കെ.ടി. ജലീൽ എം.എൽ.എയെ തള്ളിപ്പറയാൻ തയാറാവണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യസ്നേഹത്തിന്‍റെ കപട കുപ്പായമണിഞ്ഞ് ശുദ്ധ തട്ടിപ്പാണ് സി.പി.എം നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. തൃശൂരിൽ ഡി.സി.സിയുടെ നേതൃത്വത്തിലുള്ള നവസങ്കൽപ്​ പദയാത്ര ഉദ്ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റുപറ്റിയെന്ന് സമ്മതിക്കുകയല്ല, വിമർശനമൊഴിവാക്കാൻ പോസ്റ്റ് പിൻവലിക്കുന്നുവെന്ന ഔദാര്യമാണ് ജലീൽ കാണിച്ചത്. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കാൻ. 

വിമർശിക്കുന്നവരെ കാരാഗൃഹത്തിൽ അടക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വന്തം പക്ഷത്തേക്ക് മാറ്റിയെടുത്ത്​ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണോ ബി.ജെ.പിയെന്ന് വേണുഗോപാൽ ചോദിച്ചു. കോൺഗ്രസിന്‍റെ ആത്മാവിന്‍റെ ഭാഗമാണ് ത്രിവർണ പതാക. ഇന്നലെവരെ, സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പറഞ്ഞിരുന്നവർ മോദിയുടെ പിന്നാലെകൂടി രാജ്യസ്നേഹം പറഞ്ഞ് പതാകയുയർത്താൻ ഇറങ്ങിയിട്ടുണ്ടെന്ന്​ അദ്ദേഹം സി.പി.എമ്മിനെ പരിഹസിച്ചു.

ആര്‍.എസ്.എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ആര്‍.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആര്‍.എസ്.എസ് പ്രൊഫൈലുകൾ ദേശീയ പതാകയാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kc venugopal addresses navasangalp yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.