രാഷ്ട്രീയ ജീവിതത്തിലെ ടേണിങ് പോയിന്‍റില്‍ സഹായകമായത് കെ.സി. വേണുഗോപാലിന്റെ നിര്‍ണ്ണായക തീരുമാനം -സിദ്ധരാമയ്യ

മലപ്പുറം: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാനും അവസരം ലഭിച്ചത് കെ.സി. വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും കാരണമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലമ്പൂരിൽ ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റില്‍ കെ.സി. വേണുഗോപാലിന്റെ പങ്കിനെ കുറിച്ച് സിദ്ധരാമയ്യ പറഞ്ഞത്.

കെ.സി. വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കര്‍ണ്ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് 2018ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ചാമുണ്ടേശ്വരിയില്‍ മത്സരിച്ചാല്‍ താങ്കള്‍ തോറ്റുപോകുമെന്നും ആ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആ ആവശ്യത്തോട് താന്‍ വഴങ്ങിയില്ല. മത്സരിക്കുകയാണെങ്കില്‍ ചാമുണ്ടേശ്വരി മണ്ഡലത്തിലായിരിക്കുമെന്ന കര്‍ശന നിലപാടിലായിരുന്നു തന്‍റേത്. അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം രാത്രി കെ.സി. വേണുഗോപല്‍ തന്നെ കാണാനെത്തി. ചാമുണ്ടേശ്വരിയില്‍ മത്സരിക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകില്ലെന്നും തീരുമാനം മാറ്റണമെന്നും ആവശ്യപ്പെട്ടു. മനസ്സില്ലാതെയാണെങ്കിലും കെ.സി. വേണുഗോപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. രണ്ടാമതൊരു സീറ്റില്‍ക്കൂടി മത്സരിക്കാന്‍ കെ.സി. വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ.സി. വേണുഗോപാലിന്റെ തീരുമാനം ശരിയായിരുന്നുയെന്ന് തനിക്ക് ബോധ്യപ്പെട്ടു. ചാമുണ്ടേശ്വരിമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടു. കെ.സിയുടെ നിര്‍ദ്ദേശപ്രകാരം മത്സരിച്ച ബദാമയില്‍ വിജയിക്കുകയും ചെയ്തു. ഒരു പക്ഷെ, അന്ന് കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാതിരുന്നിരുന്നെങ്കില്‍ താന്‍ ഇന്ന് രാഷ്ട്രീയ വനവാസം തേടേണ്ടിവന്നേനെ. തനിക്ക് രണ്ടാമതൊരിക്കലും മുഖ്യമന്ത്രി ആകാന്‍ കഴിയുമായിരുന്നില്ലെന്നും സിദ്ധാരാമയ്യ പറഞ്ഞു. 

Tags:    
News Summary - KC Venugopal's decisive decision helped in political life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.