കൊച്ചി: ചില സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവെക്കുകയും യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിെൻറ വാക്കുകൾ വിവാദമാക്കുകയല്ല, ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി).
തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിെൻറ വർധനയും കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് സംസ്ഥാനത്ത് കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് അന്വേഷണ ഏജൻസികൾ നൽകിയിട്ടും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടില്ല. ഇക്കാര്യങ്ങളിൽ ശരിയായ അന്വേഷണം നടത്തി സർക്കാർ നടപടി സ്വീകരിക്കണം.
കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ല. വർഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാസഭ ലക്ഷ്യം വെക്കുന്നെതന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
പ്രതികരിക്കാതെ കേരള കോൺഗ്രസ് (എം)
കോട്ടയം: പാലാ ബിഷപ്പിെൻറ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ കേരള കോൺഗ്രസ് (എം). പാർട്ടി നിലപാട് നേതൃത്വം പിന്നീട് വ്യക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തശേഷം നേതൃത്വം ഔദ്യോഗികമായി പ്രതികരിക്കും. അഭിപ്രായം പറയാൻ ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്റ്റീഫൻ ജോർജ് പറഞ്ഞു.
അതേസമയം, വിഷയത്തിൽ തൽക്കാലം പരസ്യപ്രതികരണം വേണ്ടെന്നാണ് പാർട്ടിതലത്തിലെ ധാരണ. മുഖ്യമന്ത്രിയടക്കം ബിഷപ്പിനെ വിമർശിച്ച സാഹചര്യത്തിൽ തന്ത്രപരമായ മൗനത്തിനാണ് തീരുമാനം. എന്നാൽ, പ്രാദേശികമായി ബിഷപ്പിനെ പിന്തുണക്കും. പ്രാദേശിക നേതൃത്വം ബിഷപ്പിനെ അനുകൂലിച്ച് രംഗത്തുണ്ട്.
പരാമർശങ്ങൾ ഏതെങ്കിലും മതത്തിന് എതിരല്ലെന്നും അന്വേഷണം വേണമെന്നുമാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായമെങ്കിലും ഇത് പരസ്യപ്പെടുത്തില്ല. ജോസ് കെ. മാണിയുടെ ലവ് ജിഹാദ് അനുകൂല പ്രസ്താവന നേരേത്ത എൽ.ഡി.എഫ് നേതൃത്വം തിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിരുദ്ധ നിലപാട് തൽക്കാലം വേണ്ടെന്ന തീരുമാനം.
പിന്തുണച്ച് വനിത കോൺഗ്രസ് (എം)
കോട്ടയം: കേരള കോൺഗ്രസ് (എം) നേതൃത്വം മൗനം തുടരുന്നതിനിടെ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള വനിത കോൺഗ്രസ്. സംസ്ഥാന പ്രസിഡൻറ് നിർമല ജിമ്മി ബിഷപ്പിനെ നേരിൽക്കണ്ട് പിന്തുണ അറിയിച്ചു.
ബിഷപ് പറഞ്ഞത് നിലവിെല കാര്യമാണെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലവ് ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും എതിരെയാണ് ബിഷപ് പ്രതികരിച്ചത്.
അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അന്വേഷിക്കണമെന്നും കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറുകൂടിയായ നിർമല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.