സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനെ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, അതുൽകുമാർ അഞ്ചാൻ, ജനറൽ സെക്രട്ടറി ഡി. രാജ, കെ.ഇ. ഇ​സ്​​മാഈൽ എന്നിവർ അഭിനന്ദിക്കുന്നു

'എന്‍റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ പോലെ..' വികാരഭരിതനായി കെ.ഇ. ഇസ്മാഈൽ

തിരുവനന്തപുരം: 'പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട എന്‍റെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു എനിക്ക് കാപിറ്റൽ പണിഷ്മെന്‍റ് നൽകണമെന്ന് ഇവിടെ ചിലർ പ്രസംഗിച്ചത് കേട്ടപ്പോൾ തോന്നിയത്..' സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്ത് അവസാനമായി മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിന്‍റെ വാക്കുകൾ കേട്ട് സംസ്ഥാന സമ്മേളന ഹാൾ ഒരുനിമിഷം നിശ്ശബ്ദമായി.

തനിക്കെതിരെ രണ്ടു ദിവസമായി ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് സി.പി.ഐയിലെ തന്‍റെ പൈതൃകം ഉയർത്തിക്കാട്ടി വികാര നിർഭരമായാണ് ഇസ്മയിൽ കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് മറുപടി നൽകിയത്. '1964 ൽ പാർട്ടി പിളരുമ്പോൾ പാലക്കാട്ടെ എന്‍റെ ഗ്രാമത്തിൽ വിരലിലെണ്ണാവുന്ന പ്രവർത്തകരാണ് ശേഷിച്ചത്. സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് ഞാൻ പാർട്ടി വളർത്തിയത്. എന്‍റെ വീട് സി.പി.എം കൈയേറി പാർട്ടി ഓഫിസാക്കി. എത്രയോ പേർ പൊരുതി മരിച്ചു. ഈ പാർട്ടിയിൽ ഒരു വിഭാഗീയതയും ഞാനുണ്ടാക്കിയില്ല. എന്‍റെ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി ഗ്രൂപ്പുണ്ടാക്കിയില്ല. സി.പി.ഐയിൽ എന്നും വ്യക്തിത്വങ്ങളാണ് ഉണ്ടായിരുന്നത്. സി. അച്യുതമേനോന്‍റെയും പി.കെ.വിയുടെയും വെളിയം ഭാർഗവന്‍റെയും പാർട്ടിയാണിത്.

ഈ രാജേന്ദ്രനൊക്ക ഇപ്പോഴല്ലേ സെക്രട്ടറിയായി വന്നത്. വ്യക്തിപരമായ താൽപര്യം സംരക്ഷിക്കാൻ വിഭാഗീയത ബോധപൂർവം ഉണ്ടാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ല. ചാനൽ, മാധ്യമ വാർത്തകൾ വായിച്ചാണല്ലോ ഇവിടെ പലരും കാര്യങ്ങൾ ചർച്ച ചെയ്തത്. ഓരോ വാർത്തയും വരുമ്പോൾ എനിക്ക് മറുപടി പറയാൻ സാധിക്കുമോ? വസ്തുത മനസ്സിലാക്കാതെയാണ് ചർച്ച നടന്നത്. ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ച വി.പി. ഉണ്ണിക്കൃഷ്ണൻ എനിക്ക് 83 വയസ്സായെന്ന് എടുത്തുപറഞ്ഞു.

എന്നെ ഈ പാർട്ടി എം.എൽ.എയും മന്ത്രിയും എം.പിയുമാക്കി. ഈ പാർട്ടിക്ക് വന്ന സാമ്പത്തിക പ്രതിസന്ധി തീർക്കാൻ പി.കെ.വിയും പി.എസ്. ശ്രീനിവാസനും പറഞ്ഞിട്ട് ഞാൻ വിദേശത്ത് പണം സ്വരൂപിക്കാൻ പോയപ്പോഴും കെ.ഇ നക്ഷത്ര പിരിവുകാരനെന്ന് ഒരുകൂട്ടം ആക്ഷേപിച്ചു. ഇങ്ങനെ എത്രയോ അനുഭവം എന്‍റെ 64 വർഷ പൊതുജീവിതത്തിലുണ്ട്. ഇനിയൊരു സമ്മേളനത്തെ അഭിസംബോധന ചെയ്യാനാവുമെന്ന് കരുതുന്നില്ലെ'ന്നും പറഞ്ഞാണ് കെ.ഇ. ഇസ്മയിൽ അവസാനിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് സമ്മേളനം പ്രസംഗത്തെ സ്വീകരിച്ചത്.

Tags:    
News Summary - KE Ismail in pain at the CPI state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.