തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവിസിൽ പുതിയ ചരിത്രമെഴുതി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് യാഥാർഥ്യമാവുന്നു. സർക്കാർ സർവിസിലെ ഉന്നത തസ്തികകളിൽ നേരിട്ട് നടത്തുന്ന നിയമനത്തിന് ജനുവരിയിൽ പി.എസ്.സി വിജ്ഞാപനമിറക്കും. ഇതിനുള്ള സന്നദ്ധത പി.എസ്.സി സർക്കാറിനെ അറിയിച്ചു. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിെൻറ സ്പെഷൽ റൂൾ കരടിന് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം അന്തിമ അംഗീകാരം നൽകും.
ഭേദഗതികളോടെ ഇതിനകം പി.എസ്.സി അംഗീകരിച്ച കരട് അവസാന പരിശോധനയെന്ന നിലക്കാണ് വീണ്ടും പരിഗണിക്കുന്നത്. സർക്കാറിെൻറ അഭിമാനനേട്ടമെന്ന നിലയിൽ അതിവേഗത്തിലാണ് നടപടി പുരോഗമിക്കുന്നത്. ജനുവരിയോടെ വിജ്ഞാപനം നടത്തി മാസങ്ങൾക്കകം നിയമനം നടത്തുകയാണ് ലക്ഷ്യം. സർവകലാശാല അസിസ്റ്റൻറിനേക്കാൾ വേഗത്തിൽ നിയമനം നടത്താനുള്ള സന്നദ്ധതയാണ് പി.എസ്.സി സർക്കാറിനെ അറിയിച്ചത്.
പി.എസ്.സി അംഗീകരിച്ച കരട് റൂൾ അടുത്തദിവസം തന്നെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിനു കൈമാറും. ഫയൽ വീണ്ടും മന്ത്രിസഭ പരിഗണിക്കുന്നതോടെ തസ്തിക നിർണയം നടത്തി ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്ന ഘട്ടത്തിലെത്തും. സെക്രേട്ടറിയറ്റിലെ അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് തുടങ്ങി 29 വകുപ്പുകളിലെയും തത്തുല്യ വിഭാഗത്തിലെയും രണ്ടാം ഗസറ്റഡ് തസ്തികകളിലേക്കാണ് നേരിട്ട് നിയമനം നടത്തുക. സെക്രേട്ടറിയറ്റിൽ അണ്ടർ സെക്രട്ടറിയുടെ റാങ്കാണിത്. മൊത്തം വരുന്ന 1159 തസ്തികകളിലെ 10 ശതമാനമെന്ന നിലക്ക് ഏകദേശം 115 തസ്തികകളിലേക്കാണ് ആദ്യഘട്ട നിയമനം പ്രതീക്ഷിക്കുന്നത്. കൂടുതൽ തസ്തിക സൃഷ്ടിക്കപ്പെടുന്നതോടെ നിയമന അനുപാതവും കൂടും.
ബിരുദമാണ് അടിസ്ഥാന യോഗ്യത. യു.ജി.സി അംഗീകരിച്ച ഏത് ബിരുദവും അംഗീകരിക്കണമെന്നാണ് സ്പെഷൽ റൂളിൽ പി.എസ്.സി നിർദേശിച്ച പ്രധാനഭേദഗതികളിലൊന്ന്. നേരിട്ടുള്ള നിയമനത്തിന് 32 ആണ് പ്രായപരിധി. സംവരണവിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്. സർവിസിലുള്ള ബിരുദക്കാർക്ക് 36ഉം തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 50മാണ് ഉയർന്ന പ്രായപരിധി. ജൂനിയർ ടൈം സ്കെയിൽ ആണ് തുടക്ക തസ്തികയുടെ പേര്.
എട്ടുവർഷം പൂർത്തിയാക്കുന്നതോടെ സീനിയർ ടൈം സ്കെയിലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആറു വർഷം കഴിഞ്ഞാൽ സെലക്ഷൻ ഗ്രേഡ് സ്കെയിൽ എട്ടുവർഷത്തിനുശേഷം സൂപ്പർ ടൈം സ്കെയിൽ എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനക്കയറ്റ തസ്തികകൾ. സ്ഥാനക്കയറ്റത്തിനൊപ്പം െഎ.എ.എസ് കൂടി ലഭിക്കുമെന്നതാണ് സർവിസിനെ ആകർഷകമാക്കുക. നിയമനത്തിനായി രണ്ടു ഘട്ട പരീക്ഷയും അഭിമുഖവും നടത്താനാണ് പി.എസ്.സി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.