പെരുകുന്ന വാഹനാപകടങ്ങൾക്കും ഉയരുന്ന മരണ നിരക്കിനും മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളം. അപകടമരണങ്ങളില്ലാത്ത ദിവസങ്ങളില്ല. സങ്കടക്കയത്തിലാകുന്ന കുടുംബങ്ങൾ ദിനംപ്രതി പെരുകുന്നു. ഓരോ 100 അപകടങ്ങളിലും 11 പേർ മരിക്കുന്നുവെന്നാണ് കണക്ക്. പൊലീസും മോട്ടോർ വാഹനവകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും വിവിധ സംഘടനകളുമടക്കം അപകടങ്ങൾ കുറക്കാൻ ഇടപെടുമ്പോഴും കണക്കുകൾ കൂടുകയാണ്.
റോഡപകടം ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്ന് (കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റിപ്പോർട്ട്) കേരളമാണ്. അപകടം കുറക്കാൻ ഇടപെടലുകൾക്കും ചർച്ചകൾക്കും കുറവില്ലെങ്കിലും പൊലിയുന്ന ജീവനുകൾക്കുമാത്രം അറുതിയില്ല. പരിശോധന കൊണ്ടുമാത്രം അപകടങ്ങൾ കുറക്കാനാവില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിലപാട്. എങ്കിലും ‘ബ്ലാക്ക് സ്പോട്ടു’കൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന, വർധിച്ചുവരുന്ന മേഖലകളാണ് മോട്ടോർ വാഹനവകുപ്പ് ബ്ലാക്ക് സ്പോട്ടായി അടയാളപ്പെടുത്തുന്നത്. വന്നുവന്ന് കേരളത്തിലെ ഒട്ടുമിക്ക റോഡുകളും അപ്രഖ്യാപിത ബ്ലോക്ക് സ്പോട്ടായി മാറുന്ന സ്ഥിതി.
കേരളത്തിലെ ഏറ്റവും അപകടമേറിയ 70 ഇടങ്ങൾ ചൂണ്ടിക്കാട്ടി 2019ൽ നാറ്റ്പാക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, സർക്കാറിന്‍റെ ധനഞെരുക്കത്തിൽ റിപ്പോർട്ടും പരിഹാരവും മുങ്ങി. 4592 ബ്ലാക്ക് സ്പോട്ടുകൾ ചൂണ്ടിക്കാട്ടി 2021ലും നാറ്റ്പാക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടും വെളിച്ചം കണ്ടില്ല. സ്ഥിരം അപകടക്കെണിയായ 323 റോഡുകൾ ചൂണ്ടിക്കാട്ടിയ 2023ലെ റിപ്പോർട്ടിലും നടപടി ചർച്ചയിലൊതുങ്ങി.
അപകടസ്ഥലങ്ങളിൽ ഹംപ് സ്ഥാപിക്കലും വീതി കൂട്ടലുമാണ് അധികൃതരുടെ പ്രധാന പരിഹാരനടപടി. റോഡിന്റെ അവസ്ഥ ഡ്രൈവറെ അറിയിക്കാനുള്ള ക്രമീകരണം പലയിടത്തും അപര്യാപ്തമാണ്. ട്രാഫിക് സൂചനാ ബോര്‍ഡുകള്‍, വശങ്ങളിലെ വരകള്‍, റിഫ്ലക്ടറുകള്‍, അതിരടയാളങ്ങള്‍, ഡിവൈഡറുകള്‍, ട്രാഫിക് ലൈറ്റുകള്‍ തുടങ്ങിവ റോഡിന്റെ അവസ്ഥ ഡ്രൈവറെ അറിയിക്കുന്നതിനുള്ള ഉപാധികളാണ്. സുരക്ഷാ ഓഡിറ്റിൽ റോഡ് സുരക്ഷയില്‍ വിദഗ്ധരായവർ സ്ഥലം നേരിട്ട് പരിശോധിച്ചാണ് പരിഹാരം കാണേണ്ടത്. എന്നാല്‍, പൊതുമരാമത്തിലും തദ്ദേശ വകുപ്പിലും ചുരുക്കം ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റോഡ് സുരക്ഷയില്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. പൊലീസില്‍ നിന്നും ശേഖരിക്കുന്ന അപകടക്കണക്കില്‍ നിന്നും സ്ഥിര അപകടമേഖലകള്‍ കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടായി പ്രഖ്യാപിക്കുക മാത്രമാണ് കാര്യമായി നടക്കുന്നത്.
വാഹനപ്പെരുപ്പത്തിന് പിന്നാലെ റോഡുകൾ വീർപ്പുമുട്ടുന്നുവെന്നതാണ് നിലവിലെ സ്ഥിതി. സഞ്ചാര യോഗ്യമായ റോഡുകൾ കുറയുന്നുവെന്ന സുപ്രധാന കണ്ടെത്തലും സാമ്പത്തികാവലോകന റിപ്പോർട്ടിലുണ്ട്.
2020-21ൽ 2.39 ലക്ഷം കിലോമീറ്റർ റോഡുകൾ. 2022-23 ൽ ഇത് 2.36 ലക്ഷം കിലോമീറ്ററായി കുറഞ്ഞു.
മരാമത്ത് വകുപ്പിനുള്ള ബജറ്റ് വകയിരുത്തൽ 2712 കോടിയിൽ നിന്ന് 2560 കോടിയിലേക്ക് കുറഞ്ഞു.
റോഡുകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമാണ് നിരത്തുകൾ കുരുതിക്കളമാകാനുള്ള പ്രധാന കാരണം. ഇത് കേവലം സൂചനാ ബോർഡുകളോ ഡിവൈഡറുകളോ സ്ഥാപിക്കാത്തതിന്‍റെ മാത്രം പ്രശ്നമല്ല. റോഡ് നിർമാണം തുടങ്ങും മുമ്പ് സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികളുടെ അഭാവം മുതൽ നിർമാണ ഘട്ടത്തിലെ അലംഭാവം വരെ ഇതിന് കാരണമാണ്. റോഡുകളിലെ അപകടസാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് നിശ്ചിത ഇടവേളകളില്‍ സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, സംസ്ഥാനത്ത് അത്തരമൊരു നടപടി അപൂര്‍വമാണ്. പുതിയ റോഡ് വിഭാവനം ചെയ്യുമ്പോഴും നവീകരിക്കുമ്പോഴും സുരക്ഷ മുൻനിർത്തി നാല് ഓഡിറ്റുകൾ ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും ഇക്കാര്യങ്ങളെല്ലാം ചടങ്ങായി മാറുകയാണ്.
അപകടം വർധിക്കുന്നതിന് പ്രധാന കാരണമായി മോട്ടോർ വാഹനവകുപ്പ് പറയുന്നത് വാഹനപ്പെരുക്കമാണ്. റോഡിന്‍റെ ക്ഷമതക്കപ്പുറമാണ് വാഹനങ്ങളുടെ വർധന. കോവിഡ് കാലത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം വന്നതോടെ പലരും സ്വന്തം വാഹനമെന്ന ചിന്തയിലേക്ക് മാറി. നിലയ്ക്ക് വാഹനമൊരുക്കാൻ തുടങ്ങി. ഇതിനു ശേഷം സെക്കന്‍റ് ഹാൻഡ് വാഹനങ്ങളുടെ വിൽപനയിൽ വലിയ വർധനവാണുണ്ടായത്. ഇരുചക്രവാഹന വിൽപനയിലും ഇക്കാലയളവിൽ വലിയ വർധനവുണ്ടായി. സംസ്ഥാനത്ത് ഒരോ 1000 പേർക്കും 490 വാഹനങ്ങളുണ്ടെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
● ഒരു വർഷം 7.87 ലക്ഷം വാഹനങ്ങൾ കൂടി.
● 155.65 ലക്ഷത്തിൽ നിന്ന് 163.52 ലക്ഷമായി.
● വർധന 5.06 ശതമാനം
● 2013-2023 വരെ: 83.03 ലക്ഷം വാഹനങ്ങൾ കൂടി
● ഏറ്റവും കൂടിയത് ഇരുചക്രവാഹനങ്ങൾ: 106.79 ലക്ഷം.
● സംസ്ഥാനത്ത് ഏറ്റവും കൂടതൽ വാഹനങ്ങൾ എറണാകുളം ജില്ലയിൽ: 23.22 ലക്ഷം.
മൊത്തം വാഹനങ്ങളുടെ 14.2 ശതമാനമാണിത്.
നിരന്തര നിരീക്ഷണത്തിലൂടെ അപകടം കുറക്കാൻ 2018ല്‍ സേഫ് കേരളക്കായി 262 അധിക തസ്തികകള്‍ സൃഷ്ടിച്ചു. 34 സ്‌ക്വാഡുകളായിരുന്നത് 85 ആയി വർധിപ്പിച്ചു. എന്നാൽ, എ.ഐ കാമറ വന്നതോടെ ഉദ്യോഗസ്ഥർക്ക് ഓഫിസ്, അതർ ഡ്യൂട്ടികൾ നൽകി. ഇതോടെ എൻഫോഴ്സ്മെന്‍റ് താളം തെറ്റി. സേഫ് കേരള സ്ക്വാഡില്‍ 255 അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് വേണ്ടത്. എന്നാൽ, 76 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. 65 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്‍ 33 പേർ ഓഫിസ് ഡ്യൂട്ടിയിലാണ്. 92 വാഹനങ്ങളുടെ കുറവാണുള്ളത്. 65 വൈദ്യുതി വാഹനങ്ങളില്‍ ഭൂരിഭാഗവും എൻഫോഴ്സ്മെന്‍റിന് അനുയോജ്യമല്ല.
നിയമലംഘനത്തിന് ലൈസൻസ് സസ്പെൻഡ് ചെയ്താൽ (മൂന്നു മുതൽ ആറു മാസം വരെ)തിരികെ കിട്ടാനുള്ള വഴികൾ മോട്ടോർ വാഹനവകുപ്പ് കടുപ്പിച്ചു. എത്ര കാലത്തേക്കാണോ സസ്പെൻഡ് ചെയ്തത്, ആ സമയപരിധി തികച്ചാൽ ലൈസൻസ് തിരികെ കിട്ടുമെന്ന നിയമം മാറ്റി. ഇനി മുതൽ മോട്ടോർ വാഹനവകുപ്പിന്‍റെ എടപ്പാളിലുള്ള ഇന്‍റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) അഞ്ച് ദിവസ പരിശീലനത്തിൽ ഹാജരാകണം. ഇതിന് 5000 രൂപ ഫീസും നൽകണം. അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അപകടമുണ്ടാക്കൽ തുടങ്ങിയ കാരണങ്ങളാലാണ് നിലവിൽ ലൈസൻസ് റദ്ദാക്കുന്നത്.
രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് കണ്ണിലടിച്ചാൽ കാഴ്ച ക്രമീകരിക്കാൻ കണ്ണുകൾക്ക് അധികസമയം വേണ്ടി വരും.ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്താൻ കഴിയുന്ന വേഗത്തിലേ വാഹനം ഓടിക്കാവൂ. എതിരെ വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റിൽ അധികം നോക്കരുത്. കണ്ണിനെ അൽപനേരം അന്ധമാക്കും. നഗരപരിധിയില്‍ രാത്രി സമയത്ത് ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ.
മഴയിൽ റോഡുകളിലെ ‘ജലപാളി കെണി’ (ഹൈഡ്രോപ്ലെയിനിങ്) പ്രധാന വില്ലനാണ്. വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്‍റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടും. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ ചാലുകളിൽ കൂടി പമ്പുചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും.
എന്നാൽ, ടയറിന്‍റെ വേഗം കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്കെത്തും. ഇതുമൂലം ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ്. റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടുകൂടി ബ്രേക്കിന്‍റെയും സ്റ്റിയറിങ്ങിന്‍റെയും ആക്സിലറേറ്ററിന്‍റെയും പ്രവർത്തനം സാധ്യമല്ലാതെ വരുകയും വാഹനത്തിന്‍റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാവുകയും ചെയ്യും. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയാൻ ഇടയാക്കും. വേഗത കുറക്കുകയാണ് ഈ ‘ജലപാളി കെണി’യിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന പോംവഴി.
ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഉച്ചത്തിൽ പാട്ട് വെക്കുന്നതോ കൊണ്ട് ഉറക്കത്തെ പ്രതിരോധിക്കാനാവില്ല. ഉറക്കം വന്നാൽ ഡ്രൈവിങ് അല്‍പനേരത്തേക്കു നിര്‍ത്തി വെച്ച് തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിക്കണം.
ഈ ശരീര സിഗ്നലുകൾ ശ്രദ്ധിക്കുക
● കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,
● തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നുവെക്കേണ്ടിവരുക
● ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധ പതറുക,
● ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ച് ആശങ്കപ്പെടുക,
● സംഭവിച്ചതോ വരാനിരിക്കുന്നതോ ആയ കാര്യത്തെ കുറിച്ചുള്ള ആകുലതയുണ്ടാവുക,
● തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക,
● തലയുടെ ബാലന്‍സ് തെറ്റുന്നതുപോലെ തോന്നുക,
● ശരീരത്തിലാകെ അസ്വസ്ഥത അനുഭവപ്പെടുക.
● തിരക്ക് കുറവുളള വഴികൾ നിർദേശിക്കുന്ന ഗൂഗ്ൾ മാപ്പിന്‍റെ ആൽഗോരിതം വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്.
● വെള്ളം കയറിയും മരം വീണുമൊക്കെ യാത്ര സാധ്യമല്ലാത്തതും വീതി കുറഞ്ഞതുമായ റോഡുകൾ തിരക്കു കുറവായിരിക്കും. അതുകൊണ്ട് തിരക്ക് കുറവുള്ള റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ല.
● പലപ്പോഴും ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ഊരാക്കുടുക്കിലും പെടാം.
● അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
● സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ റൂട്ട് നേരത്തെ ഡൗൺലോഡ് ചെയ്തിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.