തിരുവനന്തപുരം: കാട്ടുപന്നികള്‍ ഉള്‍പ്പെടെ ആള്‍നാശവും കൃഷിനാശവും വരുത്തുന്നതും നിയന്ത്രണാതീതമായി എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിന് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു.
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിലാണ് ഇത്തരമൊരു നിർദേശം സംസ്ഥാനം മുന്നോട്ടുെവച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു. ഓമനജീവികളായി വളര്‍ത്തുന്നതും വില്പന നടത്തിവരുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിര്‍ത്തിട്ടുണ്ട്.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, സംരക്ഷിത പ്രജനനകേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയെ 'മൃഗശാല' എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.