തൃശൂർ: കഴിഞ്ഞ വർഷത്തിന് സമാനം ജില്ലക്ക് കടും ചുവപ്പ്. 13ൽ 12 മണ്ഡലങ്ങളും വിജയിച്ച് തുടർഭരണത്തിന് സാംസ്കാരിക ജില്ല മികച്ച പിന്തുണയാണ് നൽകിയത്. 30,000 ക്ലബിൽ എത്തിയ ചേലക്കരയും 20,000ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ ഏഴു മണ്ഡലങ്ങളും അടക്കം ഇടതിന് വമ്പൻ വിജയമാണ് ഇക്കുറി ഉണ്ടായത്. ജില്ലയിൽ കൂടുതൽ ചുവന്ന് തുടുത്തത് ചേലക്കരയാണ്. 39,400 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിെൻറ കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വിജയക്കൊടി നാട്ടിയത്.
2016ൽ യു.ആർ. പ്രദീപിന് 10,200 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തിലാണ് മൂന്നിരട്ടി വോട്ടിെൻറ വിജയവുമായി രാധാകൃഷ്ണൻ അജയ്യനായത്.
കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് തൃശൂർ മണ്ഡലത്തിലെ പി. ബാലചന്ദ്രനാണ്. 946 വോട്ടിെൻറ ഭൂപിപക്ഷത്തിലാണ് അദ്ദേഹത്തിെൻറ ത്രസിപ്പിക്കുന്ന വിജയം. ഇഞ്ചോടിഞ്ച് പൊരുതിയാണ് ഒടുവിൽ അദ്ദേഹം വിജയതീരം അണഞ്ഞത്. ചാലക്കുടിയിൽ ടി.ജെ. സനീഷ് കുമാർ 1057 വോട്ടിെൻറ ലീഡിലാണ് യു.ഡി.എഫിന് ആശ്വാസ വിജയം നൽകിയത്. കഴിഞ്ഞ മൂന്നു തവണയായി എം.എൽ.എ ആയിരുന്ന ബി.ഡി. ദേവസിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 26,648 വോട്ടിെൻറ ഭൂരിപക്ഷം.
കഴിഞ്ഞ തവണ പുതുക്കാട്ട് പ്രഫ. സി. രവീന്ദ്രനാഥിന് ലഭിച്ച 38,478 വോട്ടാണ് ജില്ലയിലെ കൂടിയ ഭൂരിപക്ഷം. എന്നാൽ, ഇക്കുറി ഈ മണ്ഡലത്തിൽ അദ്ദേഹത്തിെൻറ പിൻഗാമി സി.പി.എമ്മിെൻറ കെ.കെ. രാമചന്ദ്രന് 27,353 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞ തവണ 43 വോട്ടിന് യു.ഡി.എഫിെൻറ അനിൽ അക്കര വിജയിച്ച വടക്കാഞ്ചേരിയിൽ ഇക്കുറി സി.പി.എമ്മിെൻറ സേവ്യര്‍ ചിറ്റിലപ്പിള്ളി നേടിയ വിജയം മധുര പ്രതികാരമാണ്. ഇവിടെ 15,168 വോട്ടിെൻറ ഭൂരിപക്ഷമാണ് സേവ്യർ നേടിയത്. ലൈഫ് പദ്ധതിയിൽ വിവാദം കൊടികുത്തി വാണ മണ്ഡലത്തിലാണ് സേവ്യറുടെ തകർപ്പൻ വിജയം.
സി.പി.ഐയുടെ സിറ്റിങ് സീറ്റായ നാട്ടികയിൽ 28,431 വോട്ടിനാണ് സി.സി. മുകുന്ദൻ വിജയിച്ചത്. കഴിഞ്ഞ തവണ ഗീത ഗോപി എം.എൽ.എ 26,777 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ഗീത ഗോപിയെ മാറ്റിയതിൽ ഒരു വിഭാഗത്തിന് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് കൂടിയ ഭൂരിപക്ഷം.
മണലൂരിൽ സി.പി.എമ്മിെൻറ മുരളി പെരുനെല്ലി 29,876 വോട്ടിനാണ് വിജയം വരിച്ചത്. കഴിഞ്ഞ തവണ നേടിയ 19,325 ഭൂരിപക്ഷമാണ് അദ്ദേഹം മറികടന്നത്.
കുന്നംകുളത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ 26,631 വോട്ടിെൻറ വമ്പൻ വിജയമാണ് നേടിയത്. കഴിഞ്ഞ തവണ അദ്ദേഹം നേടിയത് 7782 വോട്ടിെൻറ ഭൂരിപക്ഷമാണ്. ഒല്ലൂരിൽ സി.പി.ഐയുടെ അഡ്വ. കെ. രാജൻ 2016ലെ തെൻറ 13,248 എന്ന ഭൂരിപക്ഷം ഉയർത്തി. 21,506 വോട്ടിനാണ് ഇക്കുറി അദ്ദേഹം വിജയിച്ചത്.
കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ തെൻറ രണ്ടാം ഊഴത്തിൽ 23,893 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. കഴിഞ്ഞ തവണ അദ്ദേഹം നേടിയ 22,791 വോട്ടിെൻറ നില മെച്ചപ്പെടുത്തുകയായിരുന്നു. കയ്പമംഗലത്ത് ഇ.ടി. ടൈസണ്‍ 33,440 വോട്ടിെൻറ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇക്കുറിയത് 22,698 ആയി കുറഞ്ഞു. ഗുരുവായൂർ എൽ.ഡി.എഫിലെ എന്‍.കെ. അക്ബര്‍ നേടിയത് 19,243 വോട്ടിെൻറ ഭൂരിപക്ഷമാണ്. കഴിഞ്ഞ തവണ കെ.വി. അബ്ദുൽ ഖാദർ നേടിയത് 15,098 വോട്ടിെൻറ ഭൂരിപക്ഷമാണ്.
ഇരിങ്ങാലക്കുടയിൽ സി.പി.എമ്മിെൻറ പ്രഫ. ആർ. ബിന്ദു 5949 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ തന്നെ പ്രഫ. കെ.യു. അരുണൻ 2711 വോട്ടിനാണ് ഇപ്പോഴത്തെയും എതിരാളിയായ തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.