കൊച്ചി: കേരള നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി. കെ. ശിവദാസൻ നായർ, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍റേഷൻ എന്നിവർക്കെതിരായ കേസ് ആണ് കോടതി റദ്ദാക്കിയത്.
മുൻ എം.എൽ.എ ജമീല പ്രകാശം. കെ.കെ. ലതിക എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. 2023ലാണ് യു.ഡി.എഫ് എം.എൽ.എമാരെയും കേസിൽ പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫ് എം.എൽ.എമാർ ഹൈകോടതിയെ സമീപിച്ചത്.
2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘർഷമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.