തിരുവനന്തപുരം: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ പോർവിളിയിൽ മുങ്ങി തുടർച്ചയായ രണ്ടാംദിവസവും നിയമസഭ സ്തംഭിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയും ഇ.ഡി അന്വേഷണവുമാണ് രണ്ടാംദിനത്തിൽ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിച്ചത്. പ്രതിപക്ഷ വിമർശനങ്ങളിൽ സഹികെട്ട് മുന്‍നിരയിലേക്ക് ഇരച്ചെത്തിയ ഭരണപക്ഷം നടപടികൾ സ്തംഭിപ്പിച്ച അസാധാരണ സാഹചര്യത്തിനും ചൊവ്വാഴ്ച സഭ സാക്ഷ്യം വഹിച്ചു.
ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് മാത്യു കുഴല്‍നാടൻ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് നിയമസഭ വേദിയായത്. കുഴല്‍നാടനും മുഖ്യമന്ത്രിയും നേർക്കുനേർ ഏറ്റുമുട്ടിയതിന് പിന്നാലെ ഇരുപക്ഷവും പരസ്പരം പോര്‍വിളിക്കുകയും ഭരണപക്ഷം മുൻനിരയിലെത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ സ്പീക്കര്‍ 10.30ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 14 മിനിറ്റിന് ശേഷം വീണ്ടും സമ്മേളിച്ചപ്പോഴും സ്പീക്കറുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് വകവെക്കാതെ ഇരുപക്ഷവും പലതവണ ഏറ്റുമുട്ടി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിയുടെ പിന്തുണയോടെ ലൈഫ് മിഷനിൽ അഴിമതി നടന്നെന്ന വാദത്തിന് ബലം നൽകാൻ കോടതിയിൽ ഇ.ഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങളും ഇ.ഡി പുറത്തുവിട്ട വാട്സ്ആപ് ചാറ്റുകളും കുഴല്‍നാടന്‍ ഉദ്ധരിച്ചു. ഇതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചിട്ടും ആരോപണങ്ങളിൽ കുഴൽനാടൻ ഉറച്ചുനിന്നതോടെ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചു. പ്രതിരോധിക്കാൻ പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ സഭ ബഹളത്തിൽ മുങ്ങി.
കോടതിയില്‍ ഇ.ഡി നല്‍കിയ റിമാൻഡ് റിപ്പോര്‍ട്ട് സഭയില്‍ വായിക്കുന്നതിനെ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ ഭരണപക്ഷം എതിര്‍ത്തു. പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ കുഴൽനാടൻ സ്വയം സാക്ഷ്യപ്പെടുത്തി സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് മന്ത്രി രാജീവ് വെല്ലുവിളിച്ചപ്പോൾ വായിക്കുന്നത് തന്റെ തിരക്കഥയല്ലെന്നും ഇ.ഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണെന്നും അത് സഭയുടെ രേഖയാക്കാന്‍ എതിര്‍പ്പില്ലെന്നും കുഴല്‍നാടന്‍ തിരിച്ചടിച്ചു.
വാട്സ്ആപ് ചാറ്റുകളാണ് സ്വയം സാക്ഷ്യപ്പെടുത്തി വെക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചെങ്കിലും റിമാൻഡ് റിപ്പോര്‍ട്ട് വെക്കാമെന്ന ആദ്യനിലപാട് കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. അതോടെ കോടതിയില്‍ നല്‍കിയ റിമാൻഡ് റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് മന്ത്രിയും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി മുന്‍നിരയിലേക്കെത്തിയത്. മന്ത്രിമാർ ഉൾപ്പെടെ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി.
ഇരുപക്ഷവും നേര്‍ക്കുനേര്‍ നിന്ന് വാക്കേറ്റം തുടങ്ങിയതോടെ ശാന്തരാകണമെന്ന സ്പീക്കറുടെ നിർദേശം പ്രതിപക്ഷം മാത്രം അംഗീകരിച്ചു. സീറ്റുകളിലേക്ക് മടങ്ങാനുള്ള അഭ്യർഥനക്ക് ഭരണപക്ഷം വഴങ്ങാതായതോടെ 10.30ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷം സ്പീക്കര്‍ ചേംബറിലേക്ക് പോയി. 15 മിനിറ്റിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോൾ കോടതിയിലെ റിമാൻഡ് റിപ്പോര്‍ട്ട് സഭയിൽ വായിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെങ്കിലും ഇപ്പോൾ പറ്റില്ലെന്ന കര്‍ശന നിലപാടും അദ്ദേഹം സ്വീകരിച്ചു.
പ്രസംഗം പൂർത്തീകരിക്കാൻ അവസരം ലഭിച്ചതോടെ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും മുഖ്യമന്ത്രി അട്ടിമറിച്ചെന്ന് കുഴൽനാടൻ ആരോപിച്ചു. ഇതിനോടും വിയോജിച്ച മുഖ്യമന്ത്രി, കേട്ടുകേള്‍വികളും വാദങ്ങളും വ്യാജയുക്തികളും ആരോപണങ്ങളും ഉന്നയിക്കാന്‍ പാടില്ലെന്ന ചട്ടവും ചൂണ്ടിക്കാട്ടി. സഭ വീണ്ടും ഇരുപക്ഷവും തമ്മിലുള്ള വാക്പോരിൽ എത്തിയതിന് പിന്നാലെ കുഴല്‍നാടന്റെ പ്രസംഗം അവസാനിപ്പിച്ച് മറുപടി പറയാൻ മന്ത്രി രാജേഷിനെ സ്പീക്കര്‍ ക്ഷണിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള സംസ്ഥാന കോൺഗ്രസിന്‍റെ നിലപാട് ദേശീയനേതൃത്വത്തിന്‍റേതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. സി.പി.എമ്മിലെ തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ മറുപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ചചെയ്യാൻ പാടില്ലെന്ന ചട്ടം അന്വേഷണഘട്ടത്തിൽ മാത്രമുള്ള കേസിലെ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് തടസ്സമല്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.