കൊച്ചി: കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന് ഹൈകോടതിയുടെ സ്റ്റേ. സെപ്റ്റംബർ 25ന് നടക്കേണ്ട തെരഞ്ഞെടുപ്പ് മൂന്നാഴ്ചത്തേക്കാണ് ജസ്റ്റിസ് രാജ വിജയ രാഘവൻ സ്റ്റേ ചെയ്തത്. തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിെൻറ അന്തിമ അനുമതി ലഭിക്കുകയോ പ്രാഥമിക സഹകരണ സംഘങ്ങളെ അംഗങ്ങളാക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും നടപടികൾ തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
ആഗസ്റ്റ് 13ലെ വിജ്ഞാപനപ്രകാരം സെപ്റ്റംബർ 25ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് സിംഗിൾ ബെഞ്ചിെൻറ സ്റ്റേ. കോവിഡ് ഭീഷണിമൂലം പ്രതിനിധികൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുക്കാതെയാണ് സർക്കാർ തെരഞ്ഞെടുപ്പ് നടപടി പ്രഖ്യാപിച്ചത്. തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഹരജിക്കാർ വാദിച്ചു.
എന്നാൽ, ബാങ്കിെൻറ ബൈലോ നിലവിൽ വന്നെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി എത്രയും വേഗം നിലവിൽ വരണമെന്നും സർക്കാർ വാദിച്ചു. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിെവച്ച സർക്കാർ ഉത്തരവിെൻറ കാലാവധി സെപ്റ്റംബർ 24ന് അവസാനിക്കും. സെപ്റ്റംബർ 25ന് തെരഞ്ഞെടുപ്പ് നടത്താൻ തടസ്സമില്ലെന്നും തെരഞ്ഞെടുപ്പ് നടത്തി റിപ്പോർട്ട് നൽകാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.
അതേസമയം, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടിയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരള ബാങ്ക് രൂപവത്കരണത്തിനുള്ള നിർദേശങ്ങൾ പാലിക്കുന്നതിന് 2021 മാർച്ച് 31വരെ റിസർവ് ബാങ്കിനോട് സർക്കാർ സമയം തേടിയിട്ടുണ്ട്. സർക്കാറിെൻറ അപേക്ഷ റിസർവ് ബാങ്കിെൻറ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേ അനുവദിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.