മലപ്പുറം: മുസ്‍ലീം ലീഗ് ജില്ലാസെക്രട്ടറി പി. അബ്ദുൽ ഹമീദ് കേരളബാങ്ക് ഡയറക്ടർ പദവി സ്വീകരിച്ചതിനെതിരെ അണികൾക്ക് മുന്നിൽ ഉത്തരംമുട്ടി പാർട്ടി. യു.ഡി.എഫിൽ ന്യായം പറഞ്ഞ് പിടിച്ചു നിൽക്കുന്ന പാർട്ടിക്ക് അണികളെ തൃപ്തരാക്കുന്ന മറുപടി നൽകാനാവുന്നില്ല. ഇത് പാർട്ടിയിൽ ഗ്രൂപ് പ്രവർത്തനമായി പുരോഗമിക്കുകയാണ്. സി.പി.എം ലീഗിനോട് ഇടക്കിടക്ക് ഇഷ്ടം പ്രകടിപ്പിക്കുമ്പോഴൊക്കെ നേതൃത്വം അടിക്കടി വെട്ടിലാവുകയാണ്. എന്തായാലും ലീഗിൽ പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിൽ സി.പി.എം വിജയിക്കുന്നുണ്ട്.
പി.എം.എ സലാം ഈ വിഷയം മാധ്യമങ്ങളോട് വിശദീകരിച്ച പോസ്റ്റിന് കീഴിൽ അണികൾ പൊങ്കാലയിടുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹികമാധ്യമങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ അടുത്ത കാലത്തൊന്നുമുണ്ടാവാത്ത വിമർശനമാണ് ഉയരുന്നത്. യു.ഡി.എഫിൽ ഇതു സംബന്ധിച്ച് തർക്കമില്ലെന്ന് സലാം പറയുമ്പോൾ ലീഗ് അണികൾക്കുള്ള പരാതി സംബന്ധിച്ച് പാർട്ടി മൗനം പാലിക്കുന്നു. കേരള ബാങ്കിൽ മലപ്പുറം ജില്ലാസഹകരണബാങ്കിനെ ലയിപ്പിച്ചതിനെതിരെ ലീഗ് എന്തിന് കേസ് കൊടുത്തു എന്ന ചോദ്യത്തിന് മുന്നിലും അണികൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ പാർട്ടിക്കാവുന്നില്ല. നേതൃ യോഗം പോലും ചേരാതെയാണ് ഈ തീരുമാനമെടുത്തത്. സാദിഖലി തങ്ങളോട് സമ്മതം വാങ്ങിയാണ് ഡയറക്ടർ പദവി ഏറ്റെടുത്തത് എന്നാണ് ഇപ്പോൾ പറയുന്നത്. നേതൃതലത്തിൽ ഈ വിഷയത്തിൽ പാർട്ടി രണ്ട് തട്ടിലാണ്. പാർട്ടിക്കുള്ളിൽ നവോത്ഥാനത്തിന് തയാറാവാൻ സമയമായി എന്നാണ് ഒരു പാർട്ടി നേതാവ് പ്രതികരിച്ചത്. അണികളെ വിഡഢികളാക്കരുത് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വരുന്ന പ്രതികരണം.
അതിനിടെ ശനിയാഴ്ച ചേരേണ്ടിയിരുന്ന മുസ്‍ലീം ലീഗ് മണ്ഡലംതല ഭാരവാഹിയോഗം റദ്ദാക്കി. താഴെ തട്ടിൽ നിന്ന് രൂക്ഷമായ വിമർശനം വരാനുള്ള സാധ്യത കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത് എന്നാണ് സൂചന. ജില്ലാഭാരവാഹിയോഗം ചേർന്ന് വിവാദം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതെ സമയം ഈ വിഷയത്തിൽ ജില്ലാഭാരവാഹിയോഗത്തിൽ രൂക്ഷമായ വിമർശനം നേതൃത്വത്തിനെതിരെ ഉയർന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.