ഐ.എച്ച്.വി പുരസ്കാരം: പൊതുജനാരോഗ്യ സംവിധാനത്തിനുളള അംഗീകാരം -പിണറായി

ബാള്‍ടിമോർ: പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യത്തില്‍ സഹകരിക്കാന്‍ കഴിയും. ഐ.എച്ച്.വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാള്‍ടിമോറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ബഹുമതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുന്നേറണമെങ്കില്‍ ആരോഗ്യമുളള ജനത എന്ന അടിത്തറ വേണം. ആയുര്‍വേദത്തിന്‍റെ നാടായ കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാല്‍ ശാസ്ത്രീയമായി വലിയ തേതില്‍ മരുന്നുകള്‍ ഉൽപാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും. നിര്‍ദിഷ്ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് ഈ ദിശയില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും. 

സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന് പ്രധാന കാരണം നമ്മുടെ സാര്‍വത്രികമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ്. മിക്കവാറും സൗജന്യമായി ചികിത്സ നല്‍കാന്‍ കേരളത്തിന് കഴിയുന്നു. ആരോഗ്യരംഗത്തെ സൂചികകളില്‍ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. ഇന്ത്യയില്‍ ഏറ്റവും മുന്നിലും. മുഴുവന്‍ നവജാതശിശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്ന പരിപാടി ഏതാനും ദശാബ്ദം മുമ്പ് കേരളം നടപ്പാക്കിയിരുന്നു. അതോടൊപ്പം സ്കൂള്‍ വിദ്യാർഥികള്‍ക്ക് സമീകൃതമായ പോഷകാഹാരവും ലഭ്യമാക്കി. ഇതിന്‍റെ പ്രയോജനം സമൂഹത്തില്‍ പ്രകടമാണ്. ആയുര്‍ദൈര്‍ഘ്യവും മാറിയ ഭക്ഷണ രീതികളും കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 'ആര്‍ദ്രം' മിഷനിലൂടെ ഈ വെല്ലുവിളി നേരിടാന്‍ കേരളം തയ്യാറെടുക്കുകയാണ്. 

രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ നിപ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണ വലയത്തില്‍ കൊണ്ടുവന്നു. രോഗലക്ഷണങ്ങള്‍ കണ്ട മുഴുവന്‍ പേരെയും ഒറ്റപ്പെടുത്തി പ്രത്യേകം നിരീക്ഷിച്ചു. നിപ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ കേരളത്തിന്‍റെ ആരോഗ്യ സംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. 

എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തില്‍ കൊണ്ടുവന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിത്യേന അവരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. ജാഗ്രതയോടെയും കൂട്ടായുമുളള ഈ പ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Kerala CM Pinarayi Vijayan React to HIV Award for Nipah Virus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.