തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തടയാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പയ്യന്നൂരിലെ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. സി.പി.എം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊല്ലപ്പെട്ട ബിജുവിനൊപ്പം ഉണ്ടായിരുന്നവരാണ് ഇത്തരത്തിൽ മൊഴി നൽകിയത്. കൊലപാതകങ്ങൾ നിയന്ത്രിക്കാൻ ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പയ്യന്നൂർ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.എം ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി നേതാക്കൾ നൽകിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ഗവർണർ ചെയ്തത്. ഗവർണർ നടപ്പാക്കിയത് ഭരണഘടനാ ചുമതലയാണ്. ബി.ജെ.പി ഗവർണറെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത് ഫാസിസ്റ്റ് നയമാണ്. അഫ്സ്പ നിയമം നടപ്പാക്കണമെന്ന ബി.ജെ.പി നിലപാടിനോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകക്ഷിയോഗത്തിന് ശേഷവും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പയ്യന്നൂരിലെ കൊലപാതകം ആസൂത്രിതമെന്ന് കെ.സി ജോസഫ് ആരോപിച്ചു.
കൊലപാതക രാഷ്ട്രീയത്തിൽ സി.പി.എം- ബി.ജെ.പി മത്സരം നടക്കുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നു. ഇതിൽ എട്ടെണ്ണം കണ്ണൂർ ജില്ലയിലാണ്. സമാധാന ശ്രമങ്ങൾക്ക് ആര് മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി തന്നെ തീരുമാനിക്കണം. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി ആവശ്യമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
ഗവർണറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നടപടിയെ പ്രതിപക്ഷം അപലപിക്കുന്നു. ബി.ജെ.പിയുടെ വീട്ടിലെ കൂലിപ്പണിക്കാരനാണോ ഗവർണറെന്നും കെ.സി ജോസഫ് ചോദിച്ചു. ബി.ജെ.പി മാപ്പുപറയാൻ തയാറാകണം. സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പാക്കാൻ സി.പി.എമ്മും ബി.ജെ.പിയും നടപടി സ്വീകരിക്കണം. കണ്ണൂരിന്‍റെ കണ്ണുനീർ കേരള നിയമസഭയിൽ ഇനി ചർച്ച ചെയ്യാതിരിക്കാൻ അവസരം ഉണ്ടാകട്ടെ എന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവതരണാനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്ത സർക്കാർ നടപടിയെ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.