മലപ്പുറം: സമസ്ഥ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് മുസ്‍ലിം ലീഗിന്റെ നിലപാട് അല്ലെന്ന് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി ഇതുപോലുള്ള നിലപാട് ആരിൽനിന്നുണ്ടായാലും എതിർക്കുമെന്നും വ്യക്തമാക്കി. നേരത്തേ ഉമർ ഫൈസി മുക്കം ഇത്തരം പരാമർശങ്ങൾ നടത്തിയപ്പോഴും പാർട്ടി എതിർത്തിരുന്നു. പി.എം.എ. സലാം തന്റെ പരാമർശത്തിൽ പിന്നീട് വിശദീകരണവുമായി വന്നിട്ടുണ്ട്. ഇതു പോലുള്ള പരാമർശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. പാണക്കാട് തങ്ങളും അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പറഞ്ഞത് വിവാദമായതോടെ താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും പി.എം.എ. സലാം തിരുത്തിയിരുന്നു. പാലക്കാട്ടെ യു.ഡി.എഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പി.എം.എ. സലാം നടത്തിയ പരാമർശമാണ് വിവാദമായത്.
സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്‍ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമർശം.
പരാമർശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ. സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന.
മുസ്‍ലിം സമുദായത്തെ പ്രധിനിധീകരിക്കുന്ന പത്രങ്ങൾ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യകതമായിരിക്കുകയാണ് എന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു സലാം വ്യക്തമാക്കി. ഏതുപത്രം പറയുന്നതാണ് കേരളത്തിലെ മുസ്‍ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണ് എന്നും പി.എം.എ. സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.