എണ്ണവില ഉയരാൻ കാരണം കേന്ദ്രം നികുതി വർധിപ്പിച്ചത് -പിണറായി

തിരുവനന്തപുരം: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധനക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ വരുത്തിയ ക്രമാതീതമായ വർധനയാണ്. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്.69 ശതമാനമാണ് വര്‍ദ്ധനവ്. ഡീസലിന്റെ കേന്ദ്രനികുതി 4രൂപ 46 പൈസ ആയിരുന്നത് ഇന്ന് 15 രൂപ 33 പൈസയാണ്. അതായത് 243 ശതമാനം വർധനവ്. ക്രൂഡോയിലിന്‍റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ നിശ്ചിത ശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതുകൊണ്ടുതന്നെ,പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വില വർധനവിന് ആനുപാതികമായി നികുതി തുകയും ഉയരും.

ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന്‍റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2018 ജനുവരിയായപ്പോഴേക്കും 19.48രൂപയായി. ഡീസലിന്‍റെ എക്‌സൈസ് നികുതിയാകട്ടെ 3.46 രൂപയില്‍ നിന്നും 15.33 രൂപയായി ഉയര്‍ത്തി. 2014ല്‍ ക്രൂഡോയിലിന്‍റെ വില ബാരലിന്106 ഡോളര്‍ ആയിരുന്നത് 2018-ല്‍ 61 ഡോളറായി കുറയുകയാണ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരുന്ന ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വർധിപ്പിച്ചത് ന്യായീകരിക്കാവുന്നതല്ല. പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വർധിപ്പിക്കാനാണ് വില ഭീമമായി ഉയര്‍ത്താന്‍ അനുവാദം കൊടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നികുതി വർധിപ്പിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതി വര്‍ദ്ധന ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തിന്‍റെ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രസര്‍ക്കാരിന്‍റെ നികുതിയും മാത്രമാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയതാണ് ഇന്നത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണം. സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള യു.പി.എ സര്‍ക്കാരിന്‍റെ നയമാണ് എന്‍.ഡി.എ സര്‍ക്കാരും തുടര്‍ന്നുവരുന്നത്. ഈ യാഥാർഥ്യം മറച്ചുവക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നികുതിയാണ് വിലക്കയറ്റത്തിനു കാരണമെന്ന് പ്രചരിപ്പിക്കുന്നത്. ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് ആ വിലയിടിവിന്‍റെ നേട്ടം പോലും ജനങ്ങള്‍ക്ക് നിഷേധിച്ച് ഖജനാവില്‍ മുതല്‍ക്കൂട്ടുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത്.

ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ്, പ്രത്യേകിച്ചും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍, വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കും. ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഇന്ന് വാഹന പണിമുടക്ക് നടക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും പി.കെ. ശശി എം.എല്‍.എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.


 

Tags:    
News Summary - Kerala CM React to Oil Price Increase -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.