തിരുവനന്തപുരം: ഒൻപത് വർഷം മുമ്പ് കോവളത്ത് മരിച്ച യുവാക്കളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 2015 ജൂലൈ 18 നാണ് കോവളം കടൽത്തീരത്തുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കൾക്ക് മരണപ്പെട്ടത്. ഇവരുടെ അവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന്
മനുഷ്യാവകാശ കമീഷന്റെ 2017 ൽ ഉത്തരവിട്ടിരുന്നു. കമീഷന്റെ ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം എന്ന് വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ച അഖിൽ പി. വിജയന്റെ അമ്മ മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിനിൽപ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഷ്ടപരിഹാരം ഇതുവരെയും അനുവദിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
പരാതിയിൽ റവന്യൂ സെക്രട്ടറി, ടൂറിസം സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം കലക്ടർ എന്നിവരിൽ നിന്നും തൽസ്ഥിതി റിപ്പോർട്ട് കമീഷൻ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്ന് ടൂറിസം സെക്രട്ടറി കമീഷനെ അറിയിച്ചു.
മരിച്ച യുവാക്കളുടെ പേരുവിവരങ്ങളും രക്ഷകർത്താക്കളുടെ വിവരങ്ങളും തിരുവനന്തപുരം കലക്ടർ ആറ് ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.