തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളിൽ തട്ടി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ സീറ്റ് വിഭജനം നീളുന്നു.
സീറ്റെണ്ണത്തിലും ചങ്ങനാശ്ശേരിയിലും ഉടക്കിയാണ് കേരളാ കോൺഗ്രസ് (എം) - സി.പി.എം ഉഭയകക്ഷി ചർച്ച ഇഴയുന്നത്. ആദ്യഘട്ട ചർച്ചയിൽ 13 സീറ്റ് ചോദിച്ച കേരള കോൺഗ്രസിനോട് രണ്ടാം ഘട്ടത്തിൽ 10 ലധികം നൽകാനാകില്ലെന്ന് സി.പി.എം വ്യക്തമാക്കി.
ചങ്ങനാശ്ശേരി, തിരുവമ്പാടി, പെരുമ്പാവൂർ സീറ്റുകളിലാണ് ഭിന്നത. പാലാ ആദ്യമേ നൽകിയിരുന്നു. കൂടാതെ സി.പി.െഎ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി നൽകാൻ അവർ തയാറാണെന്നും സി.പി.എം അറിയിച്ചു. എന്നാൽ, കേരള കോൺഗ്രസ് എമ്മിന് താൽപര്യമുള്ള ചങ്ങനാശ്ശേരി സി.പി.െഎ ആവശ്യപ്പെട്ടു.
50 വർഷത്തോളമായി കൈവശമുള്ള ചങ്ങനാശ്ശേരി നൽകാനാവില്ലെന്നായിരുന്നു മറുപടി. തിരുവമ്പാടി ചോദിച്ചെങ്കിലും സിറ്റിങ് സീറ്റ് നൽകാനാകില്ലെന്ന് സി.പി.എം വ്യക്തമാക്കി. പെരുമ്പാവൂരിെൻറ കാര്യത്തിലും തീരുമാനമായില്ല. 10 സീറ്റെന്ന സി.പി.എം നിർദേശം പുനരാലോചിക്കണമെന്നാണ് മറ്റൊരു ആവശ്യം. ചർച്ച തുടരാമെന്ന ധാരണയിലാണ് ഇരുകക്ഷി നേതാക്കളും പിരിഞ്ഞത്.
ജോസഫ്പക്ഷവുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയും ധാരണയിലെത്താതെ പിരിഞ്ഞു. ബുധനാഴ്ച യു.ഡി.എഫ് യോഗത്തിനു മുമ്പുതന്നെ വിഭജനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്താനായിരുന്നു ശ്രമെമങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല.
ഒമ്പത് സീെറ്റന്ന നിലപാടിൽ കോണ്‍ഗ്രസ് ഉറച്ചുനിന്നപ്പോള്‍ 12 ല്‍ വിട്ടുവീഴ്ച ചെയ്യാന്‍ ജോസഫും തയാറായില്ല. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളെ കേന്ദ്രീകരിച്ചാണ് തര്‍ക്കം. ഇൗ സീറ്റുകളിലെല്ലാം ഇരു കക്ഷികൾക്കും കണ്ണുണ്ട്.
തദ്ദേശ ഫലം കണക്കിലെടുക്കുേമ്പാൾ ഇവയെല്ലാം നൽകുന്നത് ഗുണകരമാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫിന് വഴങ്ങി സീറ്റുകൾ നൽകിയിട്ടും അവർക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിൽ അമിത അവകാശവാദങ്ങൾ ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസ് വാദം.
അതേസമയം വർഷങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ നൽകി വിട്ടുവീഴ്ചക്കില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. യു.ഡി.എഫ് യോഗശേഷവും ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. മുസ്ലിം ലീഗിെൻറ സീറ്റുകളെ സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.
ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാമെന്ന് പറെഞ്ഞങ്കിലും പ്രാദേശിക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിട്ടുനൽകേണ്ട സീറ്റുകളെ സംബന്ധിച്ച് വീണ്ടും ചര്‍ച്ച ആവശ്യമാണ്. കഴിഞ്ഞ തവണ അനുവദിച്ച രണ്ട് സീറ്റുകൾക്കുപകരം രണ്ടെണ്ണം വേണമെന്ന ആര്.എസ്.പിയുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.
മാണി സി. കാപ്പന് പാലാ നല്‍കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ഒരെണ്ണം കൂടി വേണമെന്ന ആവശ്യം അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. അതേസമയം, സീറ്റ് വിഭജനത്തിൽ കുറച്ചുകൂടി ചർച്ച ആവശ്യമാണെന്നും നാളെയോടെ പൂർത്തിയാകുമെന്നും യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.