തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുടർവികസനവും തുരങ്കപാതക്കുള്ള സഹായവും 24,000 കോടിയുടെ പാക്കേജുമടക്കം കേരളം ചോദിച്ചതെന്നും ഇക്കുറിയും ബജറ്റിൽ കിട്ടിയില്ല. എയിംസിന്റെ കാര്യത്തിലും റെയിൽവേ വികസനത്തിലും അവഗണനതന്നെ. ഒന്നും രണ്ടും മോദി സർക്കാറുകളെ അപേക്ഷിച്ച് സഖ്യകക്ഷി ഭരണമാണെന്നതിനാൽ സംസ്ഥാനങ്ങളോട് കുറച്ച് കൂടി ഉദാര സമീപനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. സംസ്ഥാനത്തിന്റെ കടപരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതടക്കം കാരണങ്ങൾ പ്രതികാര സ്വഭാവത്തിലുള്ള ഈ അവഗണനക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
പ്രീബജറ്റ് ചർച്ചയിൽതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കാര്യ കാരണ സഹിതം നിരത്തിയാണ് കേരളം 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽനിന്നുള്ള ഔദാര്യമായല്ല, മറിച്ച് ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ അനുവദിക്കാതിരുന്നതുമായ തുകകളാണ് പ്രത്യേക സാമ്പത്തിക പാക്കേജായി ചോദിച്ചത്. ദേശീയപാത വികസിപ്പിക്കുന്നതിനായി ഭൂമി എടുത്ത ഇനത്തിൽ ചെലവായ തുകയുടെ നാലിൽ ഒന്ന് സംസ്ഥാനം വഹിക്കേണ്ടി വന്നിരുന്നു. മറ്റു സംസ്ഥാനങ്ങൾക്കൊന്നും ഇങ്ങനെ ചെലവ് വന്നിട്ടില്ല. ഏതാണ്ട് 6000 കോടി വരും ഇത്. ഈ തുക പാക്കേജിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു ആവശ്യം. റെയിൽവേ പദ്ധതികളുടെ കാര്യത്തിൽ സമ്പൂർണ നിരാശയാണ്. ശബരി പാത, തലശ്ശേരി- മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതകൾ, വിഴിഞ്ഞം ഭൂഗർഭ പാത എന്നിവയിലെല്ലാം വലിയ പ്രതീക്ഷയോടെ കേരളം പ്രഖ്യാപനം കാത്തിരുന്നതാണ്. സംസ്ഥാന സർക്കാർ അധികം പരസ്യപ്പെടുത്തിയിരുന്നില്ലെങ്കിലും സിൽവർ ലൈ നിലും പ്രതീക്ഷയുണ്ടായിരുന്നു.
പ്രീബജറ്റ് ചർച്ചയിൽ രേഖാമൂലംതന്നെ വിഷയം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ചിരുന്നു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനും കേന്ദ്രം ചെവികൊടുത്തില്ല.
റബറിനുള്ള താങ്ങുവില 250 രൂപയാക്കണമെന്ന ആവശ്യമായിരുന്നു മറ്റൊന്ന്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള സാഹചര്യത്തിൽ പിടിച്ചു നിൽക്കാനെങ്കിലും താങ്ങുവില പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമാക്കൽ, ആശ, അംഗൻവാടി ഉൾപ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തൽ എന്നിവയായിരുന്നു തിരസ്കരിക്കപ്പെട്ട മറ്റു പ്രധാന ആവശ്യങ്ങൾ.
തിരുവനന്തപുരം: കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നതെന്ന് ബജറ്റ് രേഖകൾ. അതേസമയം, ബിഹാറിന് 71 ശതമാനവും ഉത്തര്‍പ്രദേശിന് 47 ശതമാനവും കേന്ദ്രവിഹിതം ലഭിക്കുന്നു. ദേശീയ ശരാശരി 48 ശതമാനമായിരിക്കെയാണ് രൂക്ഷമായ ഈ അവഗണന. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം സംബന്ധിച്ച കേന്ദ്ര ബജറ്റ് രേഖകള്‍ കേരളത്തിനുള്ള വിഹിതങ്ങള്‍ വര്‍ഷം തോറും വലിയ തോതില്‍ കുറയുന്നതായി അടിവരയിടുന്നു. 47,000 കോടി രൂപ കിട്ടേണ്ടിടത്ത് 33,000 കോടി രൂപയായി കുറഞ്ഞിരുന്നു. ഈ വര്‍ഷം 11,000 കോടി രൂപയായും കുത്തനെ കുറഞ്ഞു.
കേരളത്തിനൊപ്പം ബിഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ഈ സംസ്ഥാനങ്ങള്‍ അവരുടെ വികസന ആവശ്യങ്ങളുടെ പേരിലാണ് അധിക സഹായം തേടിയത്. കേരളമാകട്ടെ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വായ്പ എടുക്കുന്നത് നിഷേധിക്കപ്പെട്ടതുമൂലം വന്ന നഷ്ടം നികത്തുന്നതിനുള്ള സഹായമായും. ഇതിൽ കേരളത്തിന്റെ ആവശ്യം മാത്രമാണ് ചെവിക്കൊള്ളാതിരുന്നത്.
ഭക്ഷ്യസബ്സിഡിക്കായി 2022-23 ല്‍ 2,70,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഈ വര്‍ഷം അത് 2,05,000 കോടിയായി വെട്ടിക്കുറച്ചു. വളം സബ്സിഡിക്കായി 2,51,000 കോടി രൂപ 2022-23 ല്‍ നീക്കിവെച്ചിരുന്നു. ഇപ്പോഴത് 1,64,000 കോടിയായി വെട്ടിച്ചുരുക്കി. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കും വന്‍തോതില്‍ വിഹിതം വെട്ടിക്കുറച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വലിയ വെട്ടിക്കുറവുണ്ടായി.
പി.എം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ പദ്ധതിയില്‍ 2022-23ല്‍ 2733 കോടി രൂപ വകയിരുത്തിയിരുന്നെങ്കില്‍ ഇപ്പോഴത് 2300 കോടിയായി കുറഞ്ഞു. ബജറ്റില്‍ പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിയാണ് എടുത്തുപറയുന്നതെങ്കിലും ഇതിനായുള്ള വിവിധ പദ്ധതികളിലെല്ലാംതന്നെ വന്‍തോതില്‍ തുക വെട്ടിക്കുറവ് വരുത്തുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.