കെ.ഇ.ആര്‍ ഭേദഗതി നീക്കം: സര്‍ക്കാറും  മാനേജ്മെന്‍റുകളും ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍) ഭേദഗതി വരുത്തി എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ മാനേജ്മെന്‍റുകള്‍ സര്‍ക്കാറുമായി ഏറ്റുമുട്ടലിലേക്ക്. വിവിധ മാനേജ്മെന്‍റുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് എയ്ഡഡ് സ്കൂളുകളില്‍ വരുന്ന അധിക തസ്തികകളിലെ നിയമനാധികാരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് കെ.ഇ.ആര്‍ ഭേദഗതിക്ക് തീരുമാനിച്ചത്. 1979 മേയ് 22നു ശേഷം അപ്ഗ്രേഡ് ചെയ്ത സ്കൂളുകളില്‍ (പുതിയ സ്കൂളുകള്‍) കുട്ടികള്‍ കൂടുകയും അതുവഴി അധിക തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്താല്‍ അധ്യാപക ബാങ്കില്‍നിന്നുള്ള അധ്യാപകരെ നിയമിക്കണം. മറ്റു സ്കൂളുകളില്‍ അധിക തസ്തിക സൃഷ്ടിക്കപ്പെട്ടാല്‍ 1:1 എന്ന അനുപാതത്തില്‍ നിയമിക്കണം. രണ്ട് അധിക തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഒന്നിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് സര്‍ക്കാര്‍ നിയമനം നടത്തും. 

മറ്റേതിലേക്ക് മാനേജര്‍ക്കും നിയമനം നടത്താം. ഇതിന് അനുസൃതമായ രീതിയിലാണ് കെ.ഇ.ആര്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍, ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാറിന് ഈ രൂപത്തില്‍ നിയമനാധികാരം ഉണ്ടാകില്ല. മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും നിലവിലെ തസ്തികകളില്‍ വിരമിക്കല്‍, രാജി, മരണം, പ്രമോഷന്‍ എന്നിവ വഴി വരുന്ന ഒഴിവുകളിലേക്ക് മാനേജ്മെന്‍റുകള്‍ക്ക് നിയമനം തുടരാം. അധിക തസ്തികകളിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്താനുള്ള നീക്കമാണ് മാനേജ്മെന്‍റുകളെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നടപടി നീതിക്കും യുക്തിക്കും നിരക്കാത്തതാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനും യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അധ്യാപക പാക്കേജ് നടപ്പാക്കുന്നതിന് എയ്ഡഡ് സ്കൂളുകള്‍ കോടതിയെ സമീപിച്ചതോടെ തടസ്സമുയര്‍ന്നിരുന്നു. 
അധ്യാപക വിദ്യാര്‍ഥി അനുപാതം ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം കോടതി തള്ളിക്കളയുകയായിരുന്നു.  കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും അധിക തസ്തികകളില്‍ 1:1 എന്ന അനുപാതത്തില്‍ നിയമനത്തിന് നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും മാനേജ്മെന്‍റുകള്‍ വഴങ്ങിയിരുന്നില്ല. 
തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 3674 അധ്യാപകര്‍ അധികമാണെന്ന് കണ്ടത്തെിയിരുന്നു. ഇവരെ വിവിധ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യസിച്ചുവരുകയാണ്. ഇവരെ അധിക തസ്തികകളില്‍  നിയമിക്കുന്നതിനു വേണ്ടിയാണ്  സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഭേദഗതി മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണം. കമ്മിറ്റി അംഗീകരിച്ച ശേഷം ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കുന്നതോടെ ഭേദഗതി നിലവില്‍ വരും.
Tags:    
News Summary - Kerala Education Rules - General Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.