തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ പകുതിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടു. മേയിൽ മതിയെന്ന് ബി.ജെ.പി അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തോടാണ് പാർട്ടികൾ അഭിപ്രായം അറിയിച്ചത്.
റമദാൻ വ്രതാരംഭത്തിനും വിഷുവിനും മുമ്പായി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഇരുമുന്നണികളുടെയും ആവശ്യം. ഏപ്രിൽ ആറിനും 14 നും ഇടയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് യു.ഡി.എഫ് കക്ഷികൾ അറിയിച്ചു. കോണ്‍ഗ്രസ് അനുഭാവികളെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനെതിരെ നടപടി വേണം. വോട്ടെടുപ്പ് സുതാര്യമാക്കാന്‍ എല്ലാ ബൂത്തിലും വെബ്ക്യാമറ സ്ഥാപിക്കണം. സ്പെഷല്‍ തപാൽ വോട്ടില്‍ കരുതലും നിരീക്ഷണവും ആവശ്യമാണെന്നും കോൺഗ്രസ് അറിയിച്ചു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഒപ്പം നടത്തണമെന്ന ആവശ്യം മുസ്ലിംലീഗ് പ്രതിനിധികൾ ഉന്നയിച്ചു.
ഏപ്രില്‍ നാലിനും 12 നും ഇടയില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് എൽ.ഡി.എഫ് കക്ഷികൾ ആവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ തടസം ഒഴിവാക്കുക, പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനും തിരിച്ചെത്തിക്കാനും മതിയായ സമയം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സി.പി.എം ഉന്നയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാൻ അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് ഒഴിവാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. മേയ് രണ്ടാംവാരത്തോടെ വോട്ടെടുപ്പ് മതിയെന്നാണ് ബി.െജ.പി അറിയിച്ചത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ മുൻകൂട്ടി കേന്ദ്രസേനയെ വിന്യസിക്കണം. തപാല്‍വോട്ടില്‍ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് വ്യാപനത്തിൽ കമീഷൻ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ, കമീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കഴിഞ്ഞദിവസം കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.