തിരുവനന്തപുരം: ജോസ് കെ. മാണിയുടെ മുന്നണിപ്രവേശന കൂട്ടിക്കിഴിക്കലിൽ ലാഭം മാത്രമാണ് സി.പി.എം കാണുന്നതെങ്കിലും പ്രായോഗികരാഷ്ട്രീയത്തിൽ വഴി എളുപ്പമാവില്ല. അകത്തും പുറത്തും വഴിക്കണക്ക് തെറ്റാൻ കാത്തിരിക്കുന്നവർ ഏറെയുള്ളപ്പോൾ വെല്ലുവിളി ഏറെയാണ്.
റബർ എന്ന നാണ്യവിളക്ക് ഒപ്പം വളർന്ന മധ്യകേരളത്തിലെ സഭാ, സാമുദായിക, സമ്പന്ന കർഷകരാഷ്ട്രീയത്തിലെ മാറ്റമാവും ഇതിൽ പ്രധാനം. ഇത് കാണാതെ അവകാശവാദത്തിന് പിന്നാലെ പോയാൽ തിരിച്ചടിയുണ്ടാവുമെന്ന ആശങ്ക ഇടതുകക്ഷികളിൽ താഴെത്തട്ടിൽ ഉണ്ട്.
അണികളിൽ രാഷ്ട്രീയ ധാർമികതയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണ് സി.പി.എം, സി.പി.െഎ മുന്നോട്ടുപോക്ക്. സമവായ രാഷ്ട്രീയത്തിെൻറ അറ്റം കണ്ട കരിങ്ങോഴക്കൽ മാണി മാണിയല്ല ജോസ് കെ. മാണിയെന്നതാണ് എൽ.ഡി.എഫിെൻറ ആദ്യ വെല്ലുവിളി. കേരള കോൺഗ്രസിൽ പി.ജെ. ജോസഫിെൻറ തന്ത്രങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാതെ പുറത്തുവന്ന ജോസ് കഴിവ് തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാവും.
കോട്ടയം ഉൾപ്പെട്ട മധ്യകേരളത്തിൽ ഉമ്മൻ ചാണ്ടിയുടെയും പി.ജെ. ജോസഫിെൻറയും തന്ത്രങ്ങളെ സി.പി.എമ്മിെൻറ ഭരണത്തണലിൽ ജോസ് വിഭാഗത്തിന് എത്ര മറികടക്കാൻ കഴിയുമെന്നത് ചോദ്യമാണ്.
എൽ.ഡി.എഫിൽ നിന്ന് പി.ജെ. ജോസഫ് വിട്ടുപോയതിൽ സഭയുടെ പങ്ക് വലുതായിരുന്നു. ആ സഭാ നേതൃത്വത്തിെൻറ നിലപാട് അനുകൂലമാവുമെന്ന അവകാശവാദത്തിൽ എൽ.ഡി.എഫിനുള്ളിൽ സംശയമുണ്ട്. സമവായ രാഷ്ട്രീയവും തന്ത്രജ്ഞതയും മുന്നിൽവെച്ച് കെ.എം. മാണിയുമായുള്ള തുലനം എന്ന സമ്മർദവും ജോസിന് മറികടക്കണം.
അന്തർദേശീയ വ്യാപാര കരാറുകൾക്ക് അനുസരിച്ച് റബറിന് സംസ്ഥാന സമ്പദ്വ്യവസ്ഥയിലുണ്ടായ ശോഷണം കേരള കോൺഗ്രസ് വോട്ട് ബാങ്കിലും വിലപേശലിലും പ്രതിഫലിക്കുന്നു. വൻകിട കൃഷിക്കാരുടെ പിന്തുണയിലും ഏറ്റക്കുറച്ചിലുണ്ട്.
മാണിയോടുള്ള അതേ സമീപനവും വിശ്വാസവും സഭക്കുള്ളിലും ഇൗ വിഭാഗങ്ങൾക്കിടയിലും ജോസ് വഴി എൽ.ഡി.എഫിന് കിട്ടിയില്ലെങ്കിൽ കണക്കുകൂട്ടലുകൾ പിഴക്കാം. തദ്ദേശതെരഞ്ഞെടുപ്പിൽ വാർഡുകളും പഞ്ചായത്തുകളും എൽ.ഡി.എഫ് പിന്തുണയോടെ പിടിക്കുന്നതിൽ ജയിച്ചാലും നിയമസഭ തെരഞ്ഞെടുപ്പ് എളുപ്പമാവില്ലെന്ന് ഉറപ്പാണ്. ഇത് കണ്ടുള്ള തന്ത്രങ്ങൾക്കാവും തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ സി.പി.എമ്മും രൂപം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.