ബി.ജെ.പിക്കാർക്ക് കേരളത്തിൽ പ്രത്യേകതരമൊരു സ്വഭാവമുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോൾ 'നിൽക്കും ഞങ്ങ','ജയിക്കും ഞങ്ങ',ഭരിക്കും ഞങ്ങ എന്നൊക്കെ വലിയവായിൽ പറയും.പക്ഷേ വോട്ട് ചെയ്യാൻ ചെല്ലുമ്പോൾ ചൂണ്ടുവിരൽ താമരയിൽ തൊടില്ല. വേറൊന്നിലേക്ക് മാറിപ്പോകും. ബി.ജെ.പിക്കാർ വോട്ടുചെയ്യുന്നതുപോലെ, അഥവാ പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലെ എന്ന ചൊല്ലുതന്നെ ഇപ്പോൾ നാട്ടിലുണ്ട്.
1991ൽ കോണിയിൽ കൈപിടിച്ച് താമര വിരിയിക്കാനൊരു ശ്രമം നടത്തി. അന്നുതൊട്ട് കയറിയും ഇറങ്ങിയും ചില്ലറ വോട്ടൊക്കെ പിടിച്ച്, ചില്ലറ മറിപ്പും തിരിപ്പുമൊക്കെ നടത്തി, നാല് വോട്ട് അവിടെ കൊടുത്ത്,രണ്ട് വോട്ട് ഇവിടെ ചെയ്ത് ഒക്കെ കാലക്ഷേപം പൂകുകയായിരുന്നു. വലതെന്നോ ഇടതെന്നോ ഇല്ലാതെ തരാതരമായിരുന്നു ഇടപാടുകൾ.
ഇപ്പോൾ തെരഞ്ഞെടുപ്പടുത്തപ്പോഴും, അധ്യക്ഷജി വലിയ പ്രഖ്യാപനങ്ങളൊക്കെയായിവന്നു. എന്തിന്, മെട്രോമാൻ വരെ മുഖ്യമന്ത്രിയാകാൻ റെഡി. ഇഹലോകത്തെ ഏക ഹരിശ്ചന്ദ്രനായ മുൻ ഡി.ജി.പി വരെയും ഇറങ്ങി.
ഇനി ചളിയിൽ പൂണ്ടുകിടന്ന് പൂ വിടർത്തുക എന്നതാണ് ലക്ഷ്യം. എന്നാൽ, വെളിയിൽ കാണുന്ന പൂവിന് മാത്രമേ ഭംഗിയുള്ളൂ, വേരൊക്കെ ചളിയിലാണ്. അങ്ങനെ ചളിയിൽ കിടക്കാൻ താൽപര്യമില്ലാഞ്ഞിട്ടാണോ ആവോ, തലശ്ശേരിയിൽ ബി.ജെ.പിയുടെ പത്രിക തള്ളി. ഇനി വോട്ട് ആർക്ക് ചെയ്യും. സി.പി.എമ്മിലെ ഷംസീറിനോ, അതോ കോൺഗ്രസിലെ അരവിന്ദാക്ഷനോ. അരവിന്ദാക്ഷനു കൊടുത്താൽ, അരവിന്ദമെന്നാൽ താമരയാണെന്നും അതിനാൽ താമരയെ ജയിപ്പിച്ചതാണെന്നും പറഞ്ഞുനിൽക്കാം. അങ്ങനെ ബി.ജെ.പിക്ക് ഒരുസീറ്റും കിട്ടും. അതാണ് ബുദ്ധി. കൈപ്പത്തിയിൽ കുത്തിയാലും താമരയാവും വിടരുക. പേരിൽ ശ്രീരാമനും കൃഷ്ണനും ഉള്ളതുകൊണ്ട്, സി.പി.എമ്മുകാരന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത കീഴ്വഴക്കവുമുണ്ട്.
ഇനിയിപ്പോ, ഗുരുവായൂരാണോ പ്രശ്നം. മുസ്ലിം ലീഗുകാരനെങ്കിലും സി.പി.ഐക്കാരനായിരുന്നു കെ.എൻ.എ ഖാദർ. എതിരാളി സി.പി.എമ്മിലെ അക്ബറും. മുമ്പ് തോറ്റ നിവേദിതയെയാണ് ബി.ജെ.പി നിർത്തിയത്.
എന്നാൽ, വിഭക്തിയേക്കാൾ ഭക്തിയാണ് ഇഷ്ടം എന്നുപറഞ്ഞ ഗുരുവായൂരപ്പെൻറ നാട്ടിലാണ് കളി. അപ്പോൾ കൈകൂപ്പി പ്രാർഥിച്ച ഖാദർ ഭക്തിയെയാണ് ബി.ജെ.പിക്കാർ രക്ഷിക്കേണ്ടത് എന്നതിൽ സംശയമുണ്ടോ. ഇതെല്ലാം വിശ്വാസികൾക്ക് മാത്രം മനസ്സിലാകുന്ന കാര്യങ്ങളാണ്.
ഇതൊന്നും അല്ലാത്തൊരു രഹസ്യം കൂടെയുണ്ട്. മോദിജി അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ പാർട്ടിയാപ്പീസ് നിർമിക്കാൻ തുടങ്ങി. അവിടെ, പുതിയ മുഖ്യമന്ത്രിക്ക് മുറിയും പണിയുന്നുണ്ട്. പക്ഷേ,തീർന്നിട്ടില്ല. ബി.ജെ.പി വോട്ടെല്ലാം തങ്ങൾക്കുതന്നെ വീണ് അധികാരം കിട്ടിയാൽ മുഖ്യമന്ത്രി എവിടെ ഇരിക്കും. മുറിയില്ലാതായാൽ അദ്ദേഹം വഴിയാധാരമാകില്ലേ. അതിനാൽ, കേരള ഭരണം പിടിക്കുക എന്നത് തൽക്കാലം ഒഴിവാക്കാനാണ് ബി.ജെ.പിയുടെ ബൈഠക്.
കാരണങ്ങൾ പലതാകാം, ആചാരം സംരക്ഷിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. വോട്ട് സ്വന്തം ചിഹ്നത്തിൽ ചെയ്യാതിരിക്കുക എന്ന ആചാരമാണ് പാർട്ടി ഏറെക്കാലമായി ചെയ്തുവരുന്നത്. ഇന്നലെ നടത്തിയ കച്ചവടം ഇന്നത്തെ ആചാരമായിടും എന്നല്ലേ. അതോ തിരിച്ചോ? എന്തായാലും ആ ആചാരം മുടക്കി രണ്ടുവർഷം കഠിനതടവ് വാങ്ങണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.