തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയിട്ടും റാങ്കിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പിന്നിലാകുന്ന പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ നേടിയ സ്കോറും ഹയർ സെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ച് സ്റ്റാന്റേഡൈസേഷൻ (ഏകീകരണം) പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ഇങ്ങനെ റാങ്ക് പട്ടിക തയാറാക്കുമ്പോൾ കേരള സിലബസിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് കുറയുകയും റാങ്കിൽ പിറകിലാകുന്നതുമാണ് ഏതാനും വർഷങ്ങളായുള്ള അനുഭവം. ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വ്യാപക പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സ്റ്റാന്റേഡൈസേഷൻ പ്രക്രിയ സംബന്ധിച്ച പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്. ഇതിനായി ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, രണ്ട് വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. സ്റ്റാന്റേഡൈസേഷൻ രീതി പരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസിൽ ഭേദഗതികൾ ശിപാർശ ചെയ്യേണ്ട റീവാമ്പിങ് കമ്മിറ്റി യോഗം ഡിസംബറിൽ ചേരാനിരുന്നത് മാറ്റി. മുഖ്യമന്ത്രിതല യോഗത്തിന് ശേഷമായിരിക്കും റീവാമ്പിങ് കമ്മിറ്റി യോഗം ചേരുക.
സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ഉൾപ്പെടെ അടങ്ങിയ ഉന്നതതല സമിതിയെ നിയോഗിച്ചാണ് 2011ൽ സർക്കാർ സ്റ്റാന്റേഡൈസേഷൻ ഫോർമുലക്ക് രൂപം നൽകിയത്. പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം പരിഗണിക്കുമ്പോൾ കേരള സിലബസിലെ കുട്ടികൾ പിറകിലാകുന്ന പ്രവണത മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഹയർ സെക്കൻഡറി മാർക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. ഇത് നടപ്പാക്കിയതോടെ ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ ശരാശരി മാർക്ക് മറ്റ് ബോർഡുകളെ അപേക്ഷിച്ച് കുറവായിരുന്നതിനാൽ സ്റ്റാന്റേഡൈസേഷനിൽ കേരള സിലബസിലെ വിദ്യാർഥികൾ ആദ്യകാലങ്ങളിൽ നേട്ടമുണ്ടാക്കി. എന്നാൽ, 2020 മുതൽ കോവിഡ്കാല ഉദാരമൂല്യനിർണയത്തോടെ സ്ഥിതിമാറി. മറ്റ് ബോർഡുകളെ അപേക്ഷിച്ച് കേരള സിലബസിലുള്ള ശരാശരി മാർക്ക് കുത്തനെ ഉയർന്നതോടെ സ്റ്റാന്റേഡൈസേഷനിൽ കേരള വിദ്യാർഥികൾ പിറകിലായി. ഇത് പരിഹരിക്കാനുള്ള വഴിയാണ് തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.