തിരുവനന്തപുരം: അധികം ബില്ലുകളെത്താത്തതിനാലും റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിൽനിന്ന് 960 കോടി എത്തിയത് മൂലവും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം ഒഴിവായി. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നികത്താൻ കേന്ദ്രധനകമീഷന്റെ ശിപാർശ പ്രകാരം കേന്ദ്രം നൽകുന്നതാണ് ഈ ധനസഹായം.
ഈ മാസത്തെ ചെലവുകളിൽ അധികവും ഓണത്തിനു മുമ്പ് പൂർത്തിയാക്കിയതാണ് ഓണത്തിനു ശേഷമുള്ള ആദ്യപ്രവൃത്തി ദിവസമായ തിങ്കളാഴ്ച ബില്ലുകളുടെ ആധിക്യം കുറച്ചത്. ഒപ്പം വിവിധ വകുപ്പുകളിൽനിന്ന് ട്രഷറിയിലേക്ക് പണമെത്തിത്തുടങ്ങിയതോടെയാണ് പ്രതിസന്ധിക്ക് അയവുവന്നത്. അതേസമയം, ഇനിയുള്ള ദിവസങ്ങളിലെ ധനസ്ഥിതി പരിശോധിച്ച് ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനും ധനവകുപ്പിന് ആലോചനയുണ്ട്. ഈ മാസത്തെ ക്ഷേമ പെൻഷൻ, ശമ്പളം, പെൻഷൻ ചെലവുകൾക്കായി ഒക്ടോബർ ആദ്യം 5000 കോടിയിലേറെ വേണ്ടിവരുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
റിസർവ് ബാങ്കിൽനിന്നെടുക്കാവുന്ന വായ്പയുടെ (വേയ്സ് ആൻഡ് മീൽസ്) പരിധി 1683 കോടി രൂപയാണ്. ഇതിൽ 1600 കോടിയും എടുത്തു കഴിഞ്ഞിരുന്നു. വേയ്സ് ആൻഡ് മീൽസ് പരിധി കഴിയുമ്പോഴാണ് സാധാരണ ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുക. ചെലവുകൾ കൂടിയതിനെ തുടർന്ന് ഓവർ ഡ്രാഫ്റ്റിലേക്ക് പോകേണ്ടിവരുമെന്ന ആശങ്ക ഉയർന്നിരുന്നു. ഓണക്കാലത്ത് 15,000 കോടിയാണ് ഖജനാവിൽനിന്ന് ചെലവായത്. 4000 കോടി വായ്പയെടുത്തതിന് പുറമേ, വേയ്സ് ആൻഡ് മീൽസ് വിഹിതത്തിൽ കൂടി ചുവടുറപ്പിച്ചാണ് കേരളം ഓണക്കാലം പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.