കൊച്ചി: ട്രെയിെൻറ ബോഗിയുടെ അടിയിലെ ഫ്രെയിം പൊട്ടിയത് പരിശോധനയിൽ കണ്ടെത്തിയതോടെ ഒഴിവായത് വൻദുരന്തം. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിലെ (12626) എസ് ഫോർ സ്ലീപ്പർ കോച്ചിന്റെ അണ്ടര്ഫ്രെയിം ആക്സിലാണ് പൊട്ടിയത്. വിദഗ്ധ പരിശോധനക്കൊടുവിൽ ബോഗി വേർപെടുത്തി യാത്രക്കാരെ മറ്റ് ബോഗികളിലേക്ക് മാറ്റിയശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
കോട്ടയം വഴി തിരുവനന്തപുരത്തിന് പോകുന്ന ട്രെയിൻ രാവിലെ 10.13നാണ് എറണാകുളം ജങ്ഷൻ സ്റ്റേഷനിലെത്തിയത്. ട്രെയിൻ പ്രധാന സ്റ്റേഷനിലെത്തുമ്പോൾ സാധാരണ നടത്താറുള്ള പരിശോധനയിലാണ് കാര്യേജ് ആൻഡ് വാഗൺ വിഭാഗം ജീവനക്കാർ അണ്ടർ െഫ്രയിം ആക്സിലിൽ പൊട്ടൽ കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ സ്ഥിതി അപകടകരമാണെന്ന് വ്യക്തമായതോടെ ബോഗി മാറ്റാൻ കൺട്രോൾ റൂം അനുമതി നൽകി.
എൻജിനോട് ചേർന്ന അഞ്ച് ബോഗികൾ അഴിച്ചുമാറ്റി മറ്റൊരു ട്രാക്കിൽ നിർത്തിയശേഷമാണ് എസ്--നാല് കോച്ച് വേർപെടുത്തിയത്. ആളുകളെ മറ്റ് ബോഗികളിലേക്ക് മാറ്റിയശേഷം 11.30ഓടെ ട്രെയിൻ യാത്ര തുടർന്നു. പൊട്ടൽ അറിയാതെ ട്രെയിൻ യാത്ര തുടർന്ന് ആക്സിൽ മുഴുവനായി പൊട്ടിയിരുന്നെങ്കിൽ ബോഗി ചക്രങ്ങളിൽനിന്ന് വേർപെടുകയോ പാളം തെറ്റുകയോ ചെയ്യുമായിരുന്നു.സംഭവത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയതായി ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി പറഞ്ഞു. പൊട്ടൽ എങ്ങനെ സംഭവിച്ചു, അതിെൻറ പഴക്കം എന്നിവയിൽ വിശദ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.