തിരുവനന്തപുരം: കോവിഡിനെതുടർന്ന് കയറ്റുമതി നിലച്ചതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കെത്തുന്ന മീനുകളിൽ ഭൂരിപക്ഷവും മാരക വിഷാംശം കലർന്നതെന്ന് കണ്ടെത്തൽ. ഓപറേഷൻ ‘സാഗർ റാണി ’യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ അധികൃതരുടെ പരിശോധയിലാണ് ഫോർമാലിനടക്കം മാരക വിഷാംശം ചേർത്ത മീനുകൾ ഇടവേളക്കുശേഷം ചെക്പോസ്റ്റുകൾ വഴി എത്തുന്നത് കണ്ടെത്തിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര, ഗോവ, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഒരുവർഷം വരെ പഴക്കമുള്ള മീനുകൾ ഇത്തരത്തിൽ ഫോർമാലിനും അമോണിയയും ചേർത്ത് ‘ഫ്രെഷാ’യി കേരളത്തിലെത്തിയിട്ടുണ്ട്.
ഏപ്രിൽ നാലുമുതൽ മേയ് ഒമ്പതുവരെ ഇത്തരത്തിൽ എത്തിച്ച 201 മെട്രിക് ടൺ മീൻ ഭക്ഷ്യസുരക്ഷാവകുപ്പ് നശിപ്പിച്ചിരുന്നു. പരിശോധന നിലച്ചതോടെ വീണ്ടും വിഷമത്സ്യങ്ങൾ അതിർത്തിവഴി എത്തുന്നു. കടപ്പുറങ്ങളില്‍നിന്ന് വാങ്ങുന്ന നല്ല മീനിനൊപ്പമാണ് വിഷാംശം കലർന്നതും കലർത്തി ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. ഒറ്റ നോട്ടത്തില്‍ ‘പെടക്കുന്ന’ മീനുകളാണെന്ന് തോന്നുമെങ്കിലും ഭൂരിഭാഗവും ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്നാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകളിലെ അനലിറ്റിക്കൽ പരിശോധയിൽ കണ്ടെത്തി. മത്സ്യത്തില്‍ വിഷം കലര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ കമീഷണര്‍ മാസങ്ങൾക്ക് മുമ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
മൈനസ് 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറിലാണ് മത്സ്യം കൊണ്ടുവരേണ്ടത്. എന്നാൽ, കേരളത്തിലെത്തുന്ന മിക്ക വാഹനങ്ങളിലും ഈ സംവിധാനമില്ല. വിഷാംശം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വ്യാപനം തടയുന്നതിന് അമരവിള, ആര്യങ്കാവ്, വാളയാർ, മഞ്ചേശ്വരം ചെക്പോസ്റ്റുകളിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർമാർക്ക് ഭക്ഷ്യസുരക്ഷാ കമീഷണർ കത്ത് നൽകിയിട്ടുണ്ട്.
മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കാം
*തിളക്കമുള്ള തൊലിയോടുകൂടിയ മീൻ വാങ്ങാം
*മീനിെൻറ തൊലിപ്പുറത്ത് വിരൽകൊണ്ട് തൊട്ടുനോക്കുമ്പോൾ അമർന്നഭാഗം സ്വയം പഴയതുപോലെ പൊങ്ങി വരണം
*ചെകിളകൾ കേടുപാടില്ലാത്തവയും പൂർണമായി
ഉള്ളവയുമാകണം. പിങ്ക് നിറത്തിലുള്ളവ ഉത്തമം
*ചെകിളകൾ പച്ച നിറത്തിലോ ചാരനിറത്തിലോ
ഉള്ളവ വാങ്ങാതിരിക്കുക
*കണ്ണുകൾ നിറം മാറിയതോ മറിഞ്ഞുപോയവയോ
ആണെങ്കിൽ ഒഴിവാക്കണം
*ശരീരത്തിലുള്ള ചെതുമ്പലുകൾ കൊഴിഞ്ഞുപോയി കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ അതും ഒഴിവാക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.