കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിനെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. എം.എൽ.എ നൽകിയ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു നൽകിയ ഹരജി പരിഗണിക്കവെയാണ് സർക്കാർ അഭിഭാഷകൻ ഈ ഉറപ്പ് നൽകിയത്. തുടർന്ന് ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു എം. ജേക്കബ് നൽകിയ ഹരജി ആദ്യം ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനക്കാണ് എത്തിയതെങ്കിലും കേസ് കേൾക്കുന്നതിൽനിന്ന് ബെഞ്ച് പിൻമാറി. തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുമ്പാകെ എത്തിയത്. ആഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന കർഷക ദിനാഘോഷ ചടങ്ങിൽ ജാതി ആക്ഷേപം നടത്തി അപമാനിച്ചെന്നാണ് ശ്രീനിജിന്‍റെ പരാതി.
എന്നാൽ, പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പരാതിക്കാരനും താനുമായുള്ളത് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം മാത്രമാണെന്നുമാണ് ഹരജിയിലെ വാദം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിൽ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നും തള്ളണമെന്നുമാണ് ആവശ്യം.
ഹരജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണവും തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.