കോഴിക്കോട്: ‘ഹൽവ വാങ്ങാനാണ് ഞാൻ വന്നത്, എനിക്ക് പ്രത്യേക സുരക്ഷയൊന്നും വേണ്ട. ഈ നാട്ടുകാർ എന്നെ സംരക്ഷിച്ചുകൊള്ളും...’ പൊലീസിനെ സർപ്രൈസിലാക്കി കോഴിക്കോട് നഗരത്തിലിറങ്ങിയപാടെ ആരിഫ് മുഹമ്മദ് ഖാന്റെ കമന്റ്. സകല പ്രോട്ടോകോളും ലംഘിച്ച് തെരുവിലൂടെ ഗവർണർ നടക്കുന്നതുകണ്ട് ജനം അമ്പരന്നു. കോഴിക്കോടിനെക്കുറിച്ച് ഒരുപാട് കേട്ടു. അതുകൊണ്ടാണ് മിഠായിത്തെരുവ് ഒന്നു കാണാനിറങ്ങിയത്.
സൗഹൃദത്തിന്റെയും സൽക്കാരപ്രിയരുടെയും നാടല്ലേ. ഇവിടെ ആർക്കും എന്റെ മുന്നിലേക്ക് വരാം. എന്നോട് സംസാരിക്കാം. ഒരു വിലക്കുമില്ല....പ്രത്യേക സുരക്ഷയും വേണ്ട...’ ഗവർണർ തുടർന്നു.
നഗരത്തിൽ മാനാഞ്ചിറയിലാണോ മിഠായിത്തെരുവിലാണോ സന്ദർശനമെന്നുപോലും വ്യക്തമാക്കാതെ സർവകലാശാല കാമ്പസിൽനിന്ന് 11.30 ഓടെ പുറപ്പെട്ട ഗവർണർ 12.30ഓടെയാണ് നഗരത്തിലെത്തിയത്.
മാവൂർ റോഡ് വഴി എത്തിയ ഗവർണർ സി.എച്ച് മേൽപാലത്തിന് സമീപമിറങ്ങി സ്ത്രീയെയും കുട്ടിയെയും അടുത്തേക്ക് വിളിച്ച് കുട്ടിയെ എടുത്ത് തോളിൽവച്ച് മുത്തം കൊടുത്താണ് നഗരപര്യടനം തുടങ്ങിയത്.
ശേഷം മാനാഞ്ചിറ സി.എസ്.ഐ ഹാളിന് മുന്നിൽ കുട്ടിളെക്കണ്ട് അവിടെ ഇറങ്ങി. ‘വരൂ, വരൂ, നിങ്ങളെ കാണാനാണ് താൻ വന്നത്’ എന്ന് പറഞ്ഞ് കുട്ടികളെ കെട്ടിപ്പിടിച്ചു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കുറേ കുട്ടികൾ നിൽക്കുന്നത് കണ്ട് അവിടെയുമിറങ്ങി. ചെറിയ രണ്ടു കുട്ടികളെ എടുത്തുയർത്തി ലാളിച്ച് കുറച്ച് സമയം.
ഇതിന് ശേഷമാണ് ഗവർണർ മിഠായിത്തെരുവിലേക്ക് എത്തിയത്. അപ്പോഴേക്കും മാധ്യമപ്രവർത്തകരും പൊലീസും നാട്ടുകാരും വ്യാപാരികളുമടക്കം മിഠായിത്തെരുവ് ജന നിബിഡമായിരുന്നു. എസ്.കെ. പൊറ്റക്കാട് പ്രതിമക്ക് മുൻവശം അൽപം മുന്നോട്ട് നീങ്ങി കാറിൽനിന്ന് ഇറങ്ങി, ജനങ്ങളെ അഭിവാദ്യം ചെയ്തു. അപ്പോഴേക്കും സുരക്ഷാ സന്നാഹം മൂന്നുനിര സുരക്ഷാവലയമൊരുക്കി. പിന്നീട് മിഠായിത്തെരുവിലേക്ക് വന്നതിന് നന്ദി പറഞ്ഞ് വ്യാപാരികൾ സുരക്ഷ വലയത്തിനിടയിലൂടെ ആരിഫ് മുഹമ്മദ് ഖാന് കൈ കൊടുത്തു. ഇവരിൽ ചിലരെ അടുത്തേക്ക് വിളിച്ച് കുശലാനന്വേഷണം നടത്തി ഫോട്ടോയെടുക്കാൻ അവസരം നൽകി.
അതിനിടെ വ്യാപാരികൾ കടയിലേക്ക് ക്ഷണിച്ചു. അതോടെ സുരക്ഷാ വലയം മറികടന്ന് ഗവർണർ ഹൽവ കടയിലേക്ക്. എന്ത് ചെയ്യണമെന്നറിയാതെ പൊലീസ് ഉദ്യോഗസ്ഥർ അമ്പരന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും തിക്കിലും തിരക്കിലും കടയുടെ മുന്നിൽ ടിന്നുകളിൽ വെച്ച ഹൽവ പാക്കറ്റെല്ലാം നിലത്ത്. കടയിൽ കയറി, ഹൽവ രുചിച്ച് പുറത്തിറങ്ങി. തെരുവിലൂടെ നടക്കുന്നവർക്കും സെൽഫിയെടുക്കാൻ അവസരം നൽകി. അതിനിടെ പരപ്പനങ്ങാടിയിൽനിന്ന് എത്തിയ കുടുംബത്തിലെ കുട്ടിയെ എടുത്ത് ലാളിച്ചു. ഇടക്കുവെച്ച് ഇനിയെത്ര ദൂരം നടക്കാനുണ്ടെന്ന് ആരാഞ്ഞ ഗവർണർ വീണ്ടും നടത്തം തുടർന്നു. ഇതെല്ലാം ഒപ്പിയെടുക്കാൻ മാധ്യമപ്രവർത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും തിരക്ക് കാരണം പല കടളിൽനിന്നും പുറത്തേക്ക് ഇറക്കിവെച്ച വസ്ത്രങ്ങളും മറ്റും നിലത്ത് വീണു. ചില കടകളുടെ പരസ്യ ബോർഡുകൾവരെ കീറി. വസ്ത്രങ്ങൾ വിൽക്കുന്ന കടകളിലും ഗവർണർ കയറി.
ഗവർണറാണ് വരുന്നതെന്ന് അറിയാത്തവരും ഈ സമയം തെരുവിലുണ്ടായിരുന്നു. ഏത് നടനാ വന്നതെന്ന് ചോദിക്കുന്നവരുമുണ്ടായിരുന്നു. മറ്റൊരു ബേക്കറിയിൽ കയറിയ ഗവർണർ ഹൽവ നൽകിയ സെയിൽസ്മാന് മുത്തം കൊടുത്താണ് മടങ്ങിയത്.
ഗവർണറുടെ അപ്രതീക്ഷിത സന്ദർശനം പ്രതിസന്ധിയിലാക്കിയത് പൊലീസിനെയാണ്. ഇടുങ്ങിയ തെരുവിലെ ജനബാഹുല്യവും ഗവർണറുടെ നടത്തവും പൊലീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, ഡി.സി.പി അനുജ് പലിവാൾ, അസിസ്റ്റന്റ് കമീഷണർമാരായ കെ. സുദർശൻ, എ. ഉമേഷ്, എ.ജെ. ജോൺസൺ, ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വീഴ്ച വന്നാൽ അതിന്റെ ഉത്തരവാദിത്തം പൊലീസിനാവുമെന്നതാണ് പൊലീസിനെ മുൾമുനയിൽ നിർത്തിയത്.
കടുത്ത പ്രതിഷേധങ്ങൾക്കിടെ മിഠായിത്തെരുവ് കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയപ്പോൾ, കറുത്ത ഷർട്ട് ധരിച്ച വ്യാപാരികളെയും ജീവനക്കാരെയും പുറത്തിറക്കാതെ വ്യാപാരികൾ. എന്തെങ്കിലും പ്രശ്നം വന്നാലോ എന്നു പേടിച്ചാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്ന് വ്യാപാരി സി.പി. അബ്ദുറഹ്മാൻ പറഞ്ഞു. ഗവർണർക്കെതിരെ പ്രതിഷേധം നടക്കുന്നതിനാൽ തങ്ങൾക്കും ഭയമുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ വ്യാപാരികളെ കുറ്റക്കാരാക്കുമല്ലോ. ഗവർണർ വന്നതിൽ സന്തോഷമുണ്ട്. ഇതുപോലെ ഒരു വ്യക്തി വരുന്നത് പ്രശസ്തി വർധിപ്പിക്കും. എന്നാൽ, നേരത്തെ അറിയിച്ചിരുന്നെങ്കിൽ തങ്ങൾ ഗവർണർക്ക് ഗംഭീര സ്വീകരണം ഒരുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.