തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകർക്കുനേരെ നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് ബി.ജെ.പി നേതാക്കൾ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗവർണറെ കണ്ട് ക്രമസമാധാനം സംബന്ധിച്ച് വിശദീകരണം നൽകിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ചൊവ്വാഴ്ച ഗവർണറെ കണ്ടത്. കൊലപാതകത്തിന് പകരം ഏകപക്ഷീയ ആക്രമണത്തിലൂടെ പാർട്ടി പ്രവർത്തകരെ ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുന്ന തന്ത്രമാണ് സി.പി.എം ഇപ്പോൾ പയറ്റുന്നതെന്നും ഇത് സമാധാന ശ്രമങ്ങളുടെ ഫലമില്ലാതാക്കുന്നതാണെന്നും സംഘം ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിെൻറ ഭരണത്തലവനായ ഗവർണറെ സമീപിച്ചതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 15 പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘ്പരിവാർ പ്രവർത്തകർക്കുനേരെ 600ൽ അധികം അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റതായും കുമ്മനം പറഞ്ഞു.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധമാണ് ബി.ജെ.പി പ്രവർത്തകരെ സി.പി.എം അക്രമിക്കുന്നത്. സർക്കാറുമായി എല്ലാതലത്തിലും ബി.ജെ.പി സഹകരിച്ചു. എന്നിട്ടും സി.പി.എം അക്രമം അനുദിനം കൂടുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. വാവ, വക്താവ് ജെ.ആർ. പത്മകുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.