ലൈഫ് മിഷനിലൂടെ നിർമാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം നിർവഹിച്ച മുഖ്യമന്ത്രി കൊല്ലം കൊറ്റങ്കര മേക്കോണിലെപുതിയ വീട്ടിൽ ഗൃഹനാഥ രത്നകുമാരിക്കൊപ്പം പാലുകാച്ചൽ ചടങ്ങിൽ

ലൈഫ് മിഷനെ കേരളം ഏറ്റെടുത്തു -മുഖ്യമന്ത്രി

കൊല്ലം: കേരളം ഒറ്റക്കെട്ടായി ലൈഫ് മിഷനെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയായ 20,314 വീടുകളുടെ താക്കോല്‍ദാനവും പുതിയ 41,439 ഗുണഭോക്താക്കളുമായി കരാറിലേര്‍പ്പെട്ടതിന്റെ പ്രഖ്യാപനവും കൊല്ലം കൊറ്റങ്കര മേക്കോണില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും ഒരേ മനസ്സോടെ പദ്ധതിയെ പിന്താങ്ങി. വീട് എന്ന വലിയ സ്വപ്നം ലൈഫ് പദ്ധതിയിലൂടെ 14 ലക്ഷം മനുഷ്യര്‍ക്ക് നേടാൻ കഴിഞ്ഞു. ലൈഫിനുവേണ്ടി വിവിധ പദ്ധതികള്‍ യോജിപ്പിച്ചു സമഗ്ര പദ്ധതിയാണ് നടപ്പാക്കിയത്. സാമ്പത്തിക പ്രതിസന്ധി പദ്ധതിയുടെ വിജയത്തിന് തടസ്സമായില്ല. ‘മനസ്സോട് ഇത്തിരി മണ്ണ്’പദ്ധതി വഴി ലൈഫ് മിഷന് 23.5 ഏക്കര്‍ ലഭിച്ചു.

ഇതില്‍ 12.5 ഏക്കര്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കൊല്ലം ജില്ലയില്‍ 262 സെന്റ് ലഭിച്ചു. തീരദേശ ഭവന പദ്ധതിയായ പുനര്‍ഗേഹം പദ്ധതി വഴി 9000 വീടുകള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, നവകേരളം കര്‍മപദ്ധതി കോഓഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സി. ഓഫിസര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. 2022 ഏപ്രില്‍ മുതല്‍ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 67,000 ത്തിലധികം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Tags:    
News Summary - Kerala has taken up Life Mission - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.