കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കേസിലെ കക്ഷികളിൽനിന്ന് താൻ വൻതുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കാൻ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ ഹരജി. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് തിങ്കളാഴ്ച ഹരജി പരിഗണിച്ചേക്കും.
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവില്ലെന്നുമാണ് ഹരജിയിലെ വാദം. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താൻ ജഡ്ജിമാർക്ക് നൽകാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം സൈബിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെങ്കിലും ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന ഉദ്ദേശ്യത്തോടെ പണം വാങ്ങിയെന്ന തരത്തിൽ ഇതിൽ തിരുത്ത് വരുത്താൻ പിന്നീട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസ് റദ്ദാക്കാൻ സൈബി കോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.