കൊച്ചി: സമൻസ് കൃത്യമായി എത്തിക്കുന്നതിലും വാറൻറ് നടപ്പാക്കുന്നതിലും പൊലീസ് വരുത്തുന്ന വീഴ്ച കേസുകൾ വൈകാൻ ഇടയാക്കുന്നുവെന്ന് ഹൈകോടതി. പൊലീസിെൻറ ഭാഗത്തുനിന്നുള്ള അനാസ്ഥ ഒറ്റപ്പെട്ട സംഭവമല്ല. മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് സമൻസ് നൽകുന്നതും വാറൻറ് നടപ്പാക്കുന്നതും വൈകിപ്പിക്കുന്നത്. തന്നെ മർദിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണ കോടതിയിൽ ഹാജരാക്കാൻ പൊലീസിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ വിമർശനം.
മൂന്നു സാക്ഷികൾക്ക് സമൻസ് നൽകിയെങ്കിലും ഒരാളുടേത് മാത്രമാണ് കിട്ടിയതെന്ന പൊലീസിെൻറ നിലപാട് തെറ്റാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്. പൊലീസിെൻറ നിസ്സഹകരണം മൂലം ജില്ലയിലെ വിവിധ കോടതികള്‍ കേസ് നടത്തിപ്പില്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന് സി.ജെ.എം അറിയിച്ചിട്ടുണ്ട്. പൊലീസ് നിരുത്തരവാദപരമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് മനസ്സിലാകുന്നത്. ക്രിമിനൽ നീതിന്യായ നിർവഹണ സംവിധാനത്തിൽ ഇത് അനുവദിക്കാനാവില്ല. വാറൻറ് നടപ്പാക്കാനും സമൻസ് എത്തിക്കാനുമുള്ള ഉത്തരവാദിത്തത്തിൽനിന്ന് പൊലീസിന് ഒഴിയാനാവില്ല.
ഹംസയുടെ കേസിലെ മൂന്നു മുതല്‍ അഞ്ചു വരെ സാക്ഷികളെ സി.ജെ.എം കോടതി കേസ് പരിഗണിക്കുന്ന അടുത്തമാസം അഞ്ചിന് ഹാജരാക്കണമെന്ന് എറണാകുളം റൂറല്‍ എസ്.പി, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്കി. 2012ല്‍ സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ സാക്ഷികളുടെ അഭാവം മൂലം ഇതുവരെ വിചാരണ പൂര്‍ത്തിയാക്കാനായിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച കേസ് സാക്ഷിയില്ലെന്ന കാരണത്താലും വാറൻറ് നടപ്പാക്കാത്തതിനാലും തുടർച്ചയായി മാറ്റിവെക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ വിശദീകരണം നൽകണമെന്നും ആശ്യപ്പെട്ടു. ഹരജി ഒക്ടോബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.