കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി കൊടികൾ നാട്ടിയതിനെ വിമർശിച്ച് ഹൈകോടതി. ചട്ടം പാലിക്കാതെ കൊടിതോരണങ്ങളും ചമയങ്ങളും സ്ഥാപിക്കാൻ അനുമതി നൽകിയ അധികൃതരുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി കൊടിതോരണങ്ങളും ഫ്ലക്സുകളും സ്ഥാപിക്കുന്നതിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെ, ചൊവ്വാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ കൊടി തോരണങ്ങൾ ശ്രദ്ധയിൽപെടുത്തിയതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.
കൊടികൾ സ്ഥാപിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകൾ പരസ്യമായി ലംഘിക്കപ്പെടുകയാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവുകൾ നടപ്പാക്കണമെങ്കിൽ അപകടമുണ്ടായി ജീവൻ നഷ്ടമാകേണ്ട അവസ്ഥയാണ്. കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തിൽ സർക്കാറിന്റെ നിലപാടെന്താണ്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ടല്ല രാഷ്ട്രീയ പാർട്ടികൾ കൊടികൾ സ്ഥാപിക്കേണ്ടത്. ഇത്രയധികം കൊടികൾ സ്ഥാപിക്കുന്നത് എന്തിനാണ്. രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്.
പാവപ്പെട്ടവർ ഹെൽമറ്റ് വെച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന സർക്കാർ, പാർട്ടി നിയമം ലംഘിക്കുമ്പോൾ കണ്ണടക്കുന്നു. കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി ഇതാണോ? വിമർശിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി ആക്ഷേപിക്കുകയാണെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. നിയമാനുസൃതം കൊടികൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഈ മാസം അഞ്ചിനുശേഷം എല്ലാ കൊടിതോരണങ്ങളും നീക്കംചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ വിശദീകരിച്ചു.
തുടർന്ന് അനുമതി രേഖ ഹാജരാക്കാൻ കോടതി നിർദേശിച്ചു. കൊടിതോരണങ്ങളിൽ നിയമാനുസൃതം വെച്ചതും അല്ലാത്തതുമെന്ന് തരംതിരിച്ച കണക്ക് ഹാജരാക്കാൻ കൊച്ചി കോർപറേഷൻ, മരട്, കളമശ്ശേരി നഗരസഭകളോടും ആവശ്യപ്പെട്ടു. സമ്മേളനശേഷം കൊടിതോരണങ്ങൾ നീക്കുന്നതിന്റെ പുരോഗതിയും അറിയിക്കാൻ നിർദേശിച്ച കോടതി, തുടർന്ന് ഹരജി വീണ്ടും ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.