കൊച്ചി: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ഇരുമുടിക്കെട്ടിലുൾപ്പെടെ പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈകോടതി. പൂജാസാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്നതടക്കം സമ്പൂർണമായും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് കവറുകളിൽ പൂജാസാധനങ്ങളടക്കം പൊതിഞ്ഞ് ഇരുമുടിക്കെട്ടിലാക്കി വരുകയും ഉപയോഗം കഴിഞ്ഞ കവറുകൾ ഉപേക്ഷിച്ചുമടങ്ങുകയും ചെയ്യുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ശബരിമല സ്പെഷൽ കമീഷണർ എം. മനോജ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ദേവസ്വം കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളം വിൽപനയുൾപ്പെടെ 2015 ഡിസംബറിൽ ഹൈകോടതി നിരോധിച്ചിരുന്നു. പല തവണയായി പ്ലാസ്റ്റിക് നിരോധനത്തിന് നടപടികളും നിർദേശിച്ചിരുന്നു.
തുടർന്ന് ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം വൻേതാതിൽ കുറക്കാനായി. എന്നാൽ, ഇരുമുടിക്കെട്ടിൽ കർപ്പൂരവും മഞ്ഞൾപൊടിയും പ്ലാസ്റ്റിക് കവറിലാണ് കൊണ്ടുവരുന്നതെന്ന് സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിലാക്കി പനിനീരും കൊണ്ടുവരുന്നുണ്ട്. പമ്പ മുതൽ മാളികപ്പുറം വരെയുള്ള ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭക്തർ ഉപേക്ഷിക്കുന്നു. ലക്ഷക്കണക്കിന് ഭക്തർ ഇത്തരത്തിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ശബരിമലയിലെ ജലസ്രോതസ്സിനെയും പരിസ്ഥിതിയെയും ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളെക്കുറിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നിർദേശപ്രകാരമുള്ളവ മാത്രമേ അനുവദിക്കേണ്ടതുള്ളൂ. മറ്റുള്ളവ കെട്ടിൽനിന്ന് ഒഴിവാക്കാനാവും.
ഇക്കാര്യം വ്യക്തമാക്കി ഭക്തർക്ക് ബോധവത്കരണം നടത്താൻ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി നിർദേശം നൽകണമെന്ന റിപ്പോർട്ടിലെ ആവശ്യവും കോടതി അംഗീകരിച്ചു. ബോധവത്കരണം ദേവസ്വം ബോർഡിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.