ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ട്രാൻസ്ഫർ ഹരജിക്കെതിരെ കേരളം സുപ്രീംകോടതിയിൽ. ഇ.ഡിയുടെ ഹരജി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഒക്ടോബർ 10ന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാറും പൊലീസും ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജൂലൈയിൽ ഇ.ഡി ട്രാൻസ്ഫർ ഹരജി ഫയൽ ചെയ്തിരിക്കുന്നത്. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്ന് സർക്കാർ നൽകിയ ഹരജിയിൽ പറയുന്നു. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്പിക ആശങ്കയാണ് ഇ.ഡിയുടേതെന്നും അന്വേഷണത്തെ ഒരു ഘട്ടത്തില്‍ പോലും തടസ്സപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
സമന്‍സ് ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ എല്ലാവരും ചോദ്യംചെയ്യലിന് ഹാജരായെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ അതിനെതിരെ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടില്ല.കേസില്‍ കക്ഷികളാകാതെയാണ് ഉന്നത രാഷ്ട്രീയപദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇ.ഡി ആരോപണം ഉന്നയിക്കുന്നത്. കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇ.ഡിക്കു കഴിഞ്ഞിട്ടില്ലെന്നും ഹരജിയിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
തെളിവുകളുടെ പിന്‍ബലം ഇല്ലാതെയാണ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി സ്വപ്ന സുരേഷ് ഉന്നതര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.അന്വേഷണ ഏജന്‍സി ആവശ്യപ്പെടാതെയാണ് ഇവർ രഹസ്യമൊഴി നല്‍കിയത്. ഇതിനെ കോടതിയില്‍ അന്വേഷണ ഏജന്‍സി എതിര്‍ത്തില്ല.സംസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയിരിക്കുന്നതെന്നും കേരളം ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.