കൊച്ചി: കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം ജോയിന്റ് എഡിറ്റര്‍ പി.ഐ. നൗഷാദിനെ തെരഞ്ഞെടുത്തു. ‘വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോള്‍’ എന്ന 2023 ആഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ് അവാര്‍ഡിന് അര്‍ഹമായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. എ.ജി. ഒലീന എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് ട്രൂ കോപ്പി തിങ്കിലെ നാഷിഫ് അലിമിയാനാണ്. രാസവിഷനദിക്കരയിലെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ എന്ന ലേഖനമാണ് പുരസ്‌കാരത്തിന് നിദാനം. എം.പി.അച്യുതന്‍, ഡോ. നടുവട്ടം സത്യശീലന്‍, ബൈജു ചന്ദ്രന്‍ എന്നിവരായിരുന്നു ജൂറി.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ് അര്‍ഹനായി. ഗുഹ മുതല്‍ നോര്‍വെ വരെ എന്ന പരമ്പരയിലൂടെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കെ.വി. സുധാകരന്‍, കെ.ജി.ജ്യോതിര്‍ഘോഷ്, വി.എം. അഹമ്മദ് എന്നിവരടങ്ങിയതാണ് ജൂറി.
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ടിനാണ്. ആറുവരിപ്പാതയുടെ വികസനത്തെ സമഗ്രമായി നോക്കിക്കാണുന്ന ആറുവരി സ്വപ്നങ്ങള്‍ എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ബാലകൃഷ്ണന്‍ വി.ഇ, പി.വി. മുരുകന്‍, എസ്.നാസര്‍ എന്നിവരടങ്ങിയതാണ് ജൂറി.
കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡിന് മലയാള മനോരമയുടെ ഫോട്ടോഗ്രഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയില്‍ അര്‍ഹനായി. പിറ്റില്‍ പിഴച്ചു, ട്രിപ്പിള്‍ ജംപ് താരത്തിന്റെ കാലൊടിഞ്ഞു എന്ന ചിത്രമാണ് റിങ്കുരാജിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
മാതൃഭൂമി ഫോട്ടോഗ്രഫര്‍ സാജന്‍ വി. നമ്പ്യാരുടെ ലഹരിയുടെ ചോരപ്പാടുകള്‍ എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പ്രത്യേക പുരസ്‌കാരം. ഷാജി എന്‍. കരുണ്‍, വിധു വിന്‍സന്റ്, രാഖി യു.എസ്. എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് അമൃത ടിവിയിലെ ബൈജു സി.എസ്. അര്‍ഹനായി. വിശാലമ്മ എന്ന വയോധികയുടെ ജീവിതത്തിന്റെ പരിഛേദം അനാവരണം ചെയ്യുന്ന വിശാലമ്മ എന്ന റിപ്പോര്‍ട്ടാണ് ബൈജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മാതൃഭൂമി ന്യൂസ് ചാനലിലെ റിയ ബേബി തയ്യാറാക്കി അവതരിപ്പിച്ച എനിക്ക് കേള്‍ക്കുന്നില്ല എന്ന പരിപാടിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. ജേക്കബ് പുന്നൂസ്, കെ. കുഞ്ഞികൃഷ്ണന്‍, ഡോ. മീന ടി. പിള്ള എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.