പ്രവാസം സംസ്കാരമാക്കിയ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിന്റെ ഭാവം മാറുന്നു. തൊഴിലിനു വേണ്ടി മറുനാട്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയുകയും വിദ്യാഭ്യാസത്തിനുവേണ്ടി കടൽ കടക്കുന്നവർ കൂടുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.
വിദേശങ്ങളിൽ തൊഴിൽ സാധ്യത കുറഞ്ഞതുകൊണ്ടോ അതോ മറുനാട്ടിൽ എന്തെങ്കിലുമൊരു ജോലി ലഭിച്ചാൽ മതിയെന്ന ചിന്ത മലയാളി യുവത ഉപേക്ഷിച്ചതോ എന്താണ് കാരണമെന്നറിയില്ല. എന്നാൽ, സ്വപ്നം സഫലമാക്കാൻ സ്വയം എങ്ങോട്ടും പറിച്ചുനടാൻ മടിയില്ലാത്തവരാണ് മലയാളികളെന്ന ജനിതകശീലം മാഞ്ഞുപോയില്ലെന്ന്, വിദ്യാർഥി കുടിയേറ്റം വർധിച്ചതിലൂടെ തെളിയുന്നുമുണ്ട്.
"ലോക കേരളസഭയുടെ നിർദേശപ്രകാരം പ്രവാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടാണ് കേരളമൈഗ്രേഷൻ സർവേ 2023 സംഘടിപ്പിച്ചത്. പ്രവാസികളെ സംബന്ധിക്കുന്ന വിവരങ്ങളിലെ വ്യക്തതക്കുറവ് പ്രവാസ നയരൂപീകരണത്തിലടക്കം വിലങ്ങുതടിയായിരുന്ന സാഹചര്യത്തിലാണിത്".-മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയിൽ പറഞ്ഞത്
നോർക്കയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് കേരള മൈഗ്രേഷൻ സർവേ-2023 നടന്നത്. ഡോ.എസ്.ഇരുദയ രാജന്റെ നേതൃത്വത്തിലായിരുന്നു പഠനം. സർവേയുടെ ഭാഗമായി 20000 കുടുംബങ്ങളിലാണ് പഠനം നടത്തിയത്. 1998ൽ 10000ഉം 2018ൽ 15000ഉം കുടുംബങ്ങളിലായിരുന്നു പഠനം നടന്നിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും സമഗ്രമാണ് 2023ലെ പഠനം. സംസ്ഥാനമൊട്ടാകെ 500 പ്രദേശങ്ങൾ തിരഞ്ഞെടുക്കുകയും ഒരോ മേഖലയിലും 40 വീടുകൾ വീതം പഠനവിധേയമാക്കുകയും ചെയ്തു. വിവര ശേഖരണത്തിനായി നിയോഗിക്കപ്പെട്ടത് 300ഓളം പേരാണ്. ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
കേരള ജനതയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായ ജോലി കുടിയേറ്റം കുറയുന്നു. എന്നാൽ വിദ്യാർഥി കുടിയേറ്റം ഇരട്ടിയായി വർധിച്ചു. അതേസമയം പ്രവാസി പണത്തിന്റെ വരവ് കൂടി. പ്രവാസി പണത്തിന്റെ വരവിലുണ്ടായ മാറ്റവും കോവിഡാനന്തര പ്രവാസ പ്രവണതകളും ഉപരിപഠനാർഥം വിദ്യാർഥി കുടിയേറ്റം കൂടുന്നുവെന്നതുമടക്കം സുപ്രധാന കണ്ടെത്തലുകളിലേക്ക് വിരൽ ചൂണ്ടി കേരള മൈഗ്രേഷൻ സർവേ-2023 (കെ.എം.എസ്).
പ്രവാസിപ്പണ വരവ്, 2018നെ അപേക്ഷിച്ച് 2023ൽ 154 ശതമാനം വർധിച്ചുവെന്നതാണ് പ്രധാന കണ്ടെത്തലുകളിലൊന്ന്. തൊട്ടു മുമ്പ് സർവേ നടന്ന 2018ൽ 85092 കോടി രൂപയായിരുന്നു പ്രവാസികൾ കേരളത്തിലേക്കയച്ചതെങ്കിൽ, 2023 ൽ ഇത് 2. 16 ലക്ഷം കോടിയായി കുതിച്ചുയർന്നു. നിക്ഷേപവും സംരംഭവും വീടുകളിലേക്കുള്ള അയക്കലുമടക്കം മൊത്തം വരവിന്റെ കണക്കാണിത്. ഇതിൽ വീടുകളിലേക്ക് അയക്കുന്ന പണം 2018നെ അപേക്ഷിച്ച് 20.6 ശതമാനം വർധിച്ചു. 37,058 കോടി വരുമിത്. ഇതനുസരിച്ച് 2018ൽ ശരാശരി ഒരാൾ വീട്ടാവശ്യങ്ങൾക്കായി 96,185 രൂപ അയച്ചിരുന്നെങ്കിൽ 2023ൽ ഇത് 2,23,729 രൂപയായി ഉയർന്നു. പ്രവാസി പണം കൂടുമ്പോഴും പക്ഷേ പ്രവാസികളുടെ മടങ്ങിവരവ് കൂടുകയാണെന്ന അസാധാരണത്വം കൂടിയുണ്ട്.
പ്രവാസിപ്പണത്തിന്റെ വരവ് ഒറ്റനോട്ടത്തിൽ (കോടി രൂപയിൽ)
വർഷം ഇന്ത്യയിലേക്ക് കേരളത്തിലേക്ക്
2023ൽ വീട്ടാവശ്യങ്ങൾക്കായി പ്രവാസികൾ ആകെ അയച്ചത് 37058 കോടിയാണ്. കൊല്ലം ജില്ലയാണ് മുന്നിൽ-ആകെ 6583 കോടി. രണ്ടാമതുള്ള മലപ്പുറം ജില്ലയിൽ 6015 കോടിയും. വീടുകളിലേക്കുള്ള പ്രവാസിപ്പണത്തിൽ മലപ്പുറത്തെ പിന്തള്ളി കൊല്ലം ജില്ല മുന്നിലെത്തി എന്നതാണ് മറ്റൊരു കൗതുകം. ഈ ഇനത്തിൽ മൊത്തം പണത്തിൽ 17. 8 ശതമാനം കൊല്ലത്തേക്കെത്തിയപ്പോൾ മലപ്പുറത്തേക്കുള്ള വരവ് 16. 2 ശതമാനമാണ്. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം. വീടുകളിലേക്കുള്ള പണമയക്കലിൽ 73.3 ശതമാനവും അതത് മാസങ്ങളിൽ തന്നെ എത്തുന്നുണ്ട്. 19.3 ശതമാനം പേർ മൂന്നു മാസത്തിലൊരിക്കലും 4.6 ശതമാനം ആറ് മാസത്തിലൊരിക്കലുമാണ്. കൃത്യമായ ഇടവേള പറയാനില്ലാതെ പണമയക്കുന്നവർ 2.7 ശതമാനവും.
മൊത്തം പണമയക്കലിൽ വർധനയുണ്ടെങ്കിലും സ്വീകരിക്കുന്ന കുടുംബങ്ങളുടെ എണ്ണം 16 ൽ നിന്ന് 12 ശതമാനത്തിലേക്ക് കുറഞ്ഞുവെന്നതാണ് മറ്റൊരു വസ്തുത. ഭൂരിഭാഗം പേരും പണമയക്കൽ ബാങ്ക് അക്കൗണ്ട് വഴിയാണ്. എന്നാൽ, യു.പി.ഐ ഇടപാടുകളും വർധിക്കുന്നുണ്ട്.
ചെലവിടൽ കൂടുതലും വീട് നവീകരിക്കാൻ
വീട്ടാവശ്യങ്ങൾക്കായി എത്തുന്ന പണത്തിന്റെ ചെലവഴിക്കലിൽ ഒന്നാമതുള്ള വീട് നവീകരിക്കലിലാണ് - 15.8%.
14% ബാങ്ക് വായ്പാ തിരിച്ചടവിനാണ്.
10% വിദ്യാഭ്യാസ ചെലവുകൾക്കും.
ഒമ്പത് ജില്ലകളിൽ പ്രവാസികൾ കുറഞ്ഞു
നിലവിലെ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 21.54 ലക്ഷമാണ്. ഇതിൽ തെക്കൻ ജില്ലകളിൽ നിന്ന് 5.39 ലക്ഷവും (25.0 ശതമാനവും) മധ്യകേരള ജില്ലകളിൽ നിന്നുള്ളവർ 7.13 ലക്ഷവും ( 33.1 ശതമാനം) വടക്കൻ ജില്ലകളിൽ നിന്നുള്ളവർ 9.01 ലക്ഷം (41.8 ശതമാനം) പേരുമാണ്. 1998ൽ 14 ലക്ഷം പ്രവാസികളാണ് കേരളത്തിലുണ്ടായിരുന്നത്. 2013ൽ 24 ലക്ഷമായി. എന്നാൽ, 2018ൽ ഇത് 21 ലക്ഷമായി കുറഞ്ഞു. അതേ സമയം 2018 ൽ നിന്ന് 2023ലേക്കെത്തുമ്പോൾ 32,388 പേരുടെ വർധന പൊതുവിലുണ്ടെങ്കിലും മലപ്പുറമടക്കം ഒമ്പത് ജില്ലകളിലും ഇക്കാലയളവിൽ പ്രവാസികളുടെ കുറവുണ്ടായി എന്നാണ് കണക്കുകൾ അടിവരയിടുന്നത്. മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞത്.
പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കാണ് മുന്നിൽ. മുൻ വർഷങ്ങളിലെ ഒന്നാം സ്ഥാനം നിലനിർത്തിയതിനൊപ്പം ഇക്കുറി ഒരു ലക്ഷം പേരുടെ വർധനയും ഇവിടെ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഏറ്റവും കുറവ് പ്രവാസികളുള്ളത്. വടക്കൻ കേരളമാണ് സംസ്ഥാനത്തുനിന്നുള്ള പ്രവാസത്തിന്റെ കേന്ദ്ര ബിന്ദു. കേരളത്തിൽ നിന്നുള്ള പ്രവാസത്തിൽ 41.9 ശതമാനം മുസ്ലിം വിഭാഗത്തിൽ നിന്നാണ്. 35.2 ശതമാനം ഹിന്ദു വിഭാഗത്തിൽ നിന്നും 22.3 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുമാണ്.
ഉപരിപഠനാർഥം വിദേശത്തേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കേരള മൈഗ്രേഷൻ സർവേ. 2018ലെ കണക്കുപ്രകാരം 1. 29 ലക്ഷം വിദ്യാർഥികളാണ് കടൽ കടന്നതെങ്കിൽ 2023 ഇത് 25 ലക്ഷം പിന്നിട്ടു. ഇതിൽ 54.4 ശതമാനം പേർ വിദ്യാർഥികളും 45.6 ശതമാനം വിദ്യാർഥികളുമാണ്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ നിന്നാണ്, 43990 പേർ. പഠനത്തിനായി കുടിയേറുന്നവരിൽ 80 ശതമാനവും ബിരുദധാരികളാണ്. യു.കെയിലേക്കാണ് ഏറ്റവും കൂടുതൽ പേരും പോകുന്നത്. ജനസംഖ്യാശാസ്ത്ര പ്രകാരം കുടിയേറുന്നവരുടെ പ്രായം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള പ്രവാസത്തിൽ പുതിയ പ്രവണതയാണ് ഈ പഠനാർഥമുള്ള കുടിയേറ്റം അടിവരയിടുന്നത്. 17 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വളരെ ചെറുപ്പത്തിൽത്തന്നെ കടൽകടക്കുന്നുവെന്നതാണ് ഈ പ്രത്യകത. രാജ്യത്തിൽ നിന്നുള്ള വിദ്യാർഥി കുടിയേറ്റത്തിന്റെ 11. 3 ശതമാനവും കേരളത്തിൽ നിന്നാണ്. പുതിയ തലമുറ വിദേശത്തെ പഠനസാധ്യതകൾ കൂടുതലായി തിരഞ്ഞെടുക്കുന്നുവെന്നത് കൂടിയാണ് ഇത് അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.