തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്കു സംസ്ഥാന സർക്കാറിന്റെ ആദരം. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന പ്രൗഢ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷവും, വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവും കാഷ് അവാർഡ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ യശസ്സ് ആഗോളതലത്തിൽ ഉയർത്തിയവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവ് പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മേഖലകളെയും കുറിച്ചും ലോകം അറിയുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി കായികതാരങ്ങൾ മാറുകയാണ്. ഏഷ്യൻ ഗെയിംസിലെ നേട്ടം ഒരു ചവിട്ടുപടിയാണ്. ഒളിമ്പിക്സ് അടക്കമുള്ളവയിൽ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ്സ് ഇനിയും ഉയർത്താനുമുള്ള ഉത്തേജനമായി മെഡൽ നേട്ടം മാറണമെന്നും അദ്ദേഹം പറഞ്ഞു..
സംസ്ഥാനതലത്തിൽ മത്സരിച്ച കായികതാരങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ കായിക പരിശീലനത്തിനു നിയോഗിച്ചു ജോലി ലഭ്യമാക്കുന്നതു സംസ്ഥാന കായിക നയത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി അധ്യക്ഷതവഹിച്ച കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
നാലു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 12 മെഡലാണ് ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 4x400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയിൽ പി.ആർ. ശ്രീജേഷും ക്രിക്കറ്റിൽ മിന്നുമണിയും സ്വർണം നേടി. എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അജ്മൽ, എം. ശ്രീശങ്കർ, ആൻസി സോജൻ എന്നിവർ വെള്ളിയും പ്രണോയ്, ജിൻസൺ ജോൺസൺ എന്നിവർ വെങ്കലവും നേടി. മിന്നുമണിക്കുവേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി.
ഏഷ്യൻ ഗെയിംസിന് താരങ്ങളെ ഒരുക്കിയ പരിശീലകരെയും മുഖ്യമന്ത്രി ആദരിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ജെ. ചിഞ്ചുറാണി, ഡോ. ആർ. ബിന്ദു, മേയർ ആര്യാ രാജേന്ദ്രൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി. കിഷോർ, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.