മലപ്പുറം: ‘‘ആ കാണുന്ന ചേലാമല. അതിന്‍െറ താഴെ കണ്ണെത്താ ദൂരം പാടവും പറമ്പും. എല്ലാം അദ്ദേഹത്തിന്‍െറ തറവാടുവക ഓഹരിയായിരുന്നു. മുഖ്യമന്ത്രിയാകുന്നതിനും ഭൂപരിഷ്കരണം നടപ്പാക്കുന്നതിനും മുമ്പേ അവയൊന്നാകെ കുടിയാന്മാര്‍ക്ക് വിട്ടുകൊടുത്തു. ബാക്കി കിട്ടിയ വിലക്ക് വിറ്റ് പാര്‍ട്ടിക്ക് സംഭാവന നല്‍കി. ഒടുവില്‍ ഒരു തരി മണ്ണ് പോലും സ്വന്തം പേരിലില്ലാതെ അദ്ദേഹം ഈ ലോകത്തോട് യാത്രചൊല്ലി’’ ഏലംകുളം ചേലാമലയോരത്തെ വീട്ടിലിരുന്ന് കുഞ്ഞിരാമേട്ടനും ഇ.എം.എസിന്‍െറ സഹോദരിയുടെ പൗത്രന്‍ നാരായണന്‍ ഭട്ടതിരിപ്പാടും പതിറ്റാണ്ടുകള്‍ക്കു പിന്നിലെ ഓര്‍മകളിലേക്ക് ചാഞ്ഞിറങ്ങി. ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന കേരളത്തിന്‍െറ ഭാഗധേയം മാറ്റിമറിച്ച രാഷ്ട്രീയ ഇതിഹാസം പിറവിയെടുത്ത മണ്ണാണിത്-ഏലംകുളം. ഐക്യകേരളം അറുപതിന്‍െറ മധുരം നുകരുമ്പോള്‍ ഓര്‍മയില്‍ ഇ.എം.എസ് എന്ന മൂന്നക്ഷരം നിറയുകയാണ്. ‘‘ഏലംകുളത്തുകാരന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടുകിട്ടുക പ്രയാസമായിരുന്നു. ഒളിവിലായ ഇ.എം.എസിനെ പിടിക്കാന്‍ പൊലീസിന് കഴിയുമായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ അമാനുഷിക പരിവേഷമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്’’ ഏലംകുളത്തെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ കുഞ്ഞിരാമേട്ടന്‍ അക്കാലമോര്‍ക്കുന്നു.
കുന്തിപ്പുഴയോരത്തെ ഇ.എം.എസിന്‍െറ തറവാട്ടുമന പഴയ പ്രതാപത്തോടെ ഇപ്പോഴുമുണ്ട്. ഇ.എം. എസിന്‍െറ മൂത്ത സഹോദരന്‍െറ മക്കളായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരും കുടുംബവും അവിടെ താമസിക്കുന്നു. സമീപത്ത് ഇ.എം.എസ് സ്മാരക സമുച്ചയത്തിന്‍െറ പണി അവസാനഘട്ടത്തില്‍.
‘‘ഭാഗം പിരിഞ്ഞശേഷം പുളിങ്കാവിലെ വീട്ടിലാണ് അമ്മാമന്‍ താമസിച്ചിരുന്നത്. സുന്ദരയ്യ, എസ്.വി. ഘാട്ടെ, പി.സി. ജോഷി തുടങ്ങിയ ദേശീയനേതാക്കള്‍ ആ കാലത്ത് ഈ വീട്ടില്‍ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്’’ ഇ.എം.എസിന്‍െറ സഹോദരിപുത്രി ചെറുകര ആറ്റുപുറത്ത് മനയില്‍ ശ്രീദേവി അന്തര്‍ജനത്തിന്‍െറ മകന്‍ എ.എം. നാരായണന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.
ഈ വീട്ടില്‍ ഇപ്പോള്‍ ഇ.എം.എസിന്‍െറ മൂത്ത സഹോദരന്‍െറ മകന്‍ ഇ.എം. രാമന്‍ നമ്പൂതിരിപ്പാടും കുടുംബവും താമസിക്കുന്നു.
1957ല്‍ ഐക്യകേരളത്തിന്‍െറ പ്രഥമ മുഖ്യമന്ത്രിയായശേഷം ഇ.എം.എസ് ആദ്യമായി ജന്മനാട്ടിലത്തെിയത് കുഞ്ഞിരാമേട്ടന്‍ ഓര്‍ക്കുന്നു. മൂത്ത സഹോദരന്‍െറ മരണത്തെ തുടര്‍ന്നായിരുന്നു അത്. അന്ന് ഏലംകുളത്തേക്ക് റോഡില്ല. ചെറുകര റെയില്‍വേ സ്റ്റേഷന് സമീപം കാര്‍ നിര്‍ത്തി പാര്‍ട്ടി അനുയായികള്‍ക്കൊപ്പം റെയില്‍വേ ലൈനിലൂടെ മൂന്ന് കിലോമീറ്ററിലധികം നടന്നാണ് അദ്ദേഹം മനയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.