തിരുവനന്തപുരം: തമിഴ് റാപ്പർ അറിവും ഗായിക ഥീയും വൈറലാക്കിയ 'എൻജായ് എൻചാമി' പാട്ട് കോവിഡ് ബോധവത്കരണത്തിന് ഉപയോഗിച്ച് കേരള പൊലീസ്. 'കുക്കൂ കുക്കു' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഈണത്തിനൊപ്പിച്ച് കോവിഡ് ബോധവത്കരണ വരികളൊരുക്കിയും നൃത്തച്ചുവടുകൾ വെച്ചും കേരള പൊലീസ് പുറത്തിറക്കിയ വിഡിയോ വൈറലാണിപ്പോൾ. കേരള സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ്ബുക്ക് പേജിലാണ് വിഡിയോ റിലീസ് ചെയ്തത്.
മാസ്ക് ധരിക്കുന്നതിന്‍റെയും സാമുഹിക അകലം പാലിക്കുന്നതിന്‍റെയും പ്രാധാന്യവും എപ്പോളും സാനിറ്റൈസർ കരുതേണ്ടതിന്‍റെ ആവശ്യകതയും വാക്സിൻ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യതയുമൊക്കെ പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
പാട്ടെഴുതിയിരിക്കുന്നത് ആദിത്യ എസ്. നായർ, രജീഷ്ലാൽ വംശ എന്നിവർ ചേർന്നാണ്. നഹൂം എബ്രഹാം, നിള ജോസഫ് എന്നിവരാണ് ആലാപനം. നൃത്ത സംവിധാനം പ്രണവ് പ്രാൺ, പാർവതി പ്രാൺ എന്നിവരാണ്. പൊലീസുകാരായ ജിനു തോമസ്, ഐശ്വര്യ സാബു, ക്രിസ്റ്റി ജേക്കബ്, ഇന്ത്യ നെൽസൻ, വി.െജ. ജയലക്ഷ്മി, റോസ്മേരി സാജൻ, കെ. ഷൈൻ റോസ്, എസ്. അഖിൽജിത്ത്, ആർ.എസ്. പ്രദീപ്കുമാർ എന്നിവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.