തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് സ്ത്രീകളെ മുൻനിർത്തി ഭരണമുന്നണിയും മുഖ്യ പ്രതിപക്ഷവും നടത്തുന്ന അസംബന്ധ നാടകങ്ങൾ കേരള രാഷ്ട്രീയത്തെ എത്തിക്കുന്നത് കടുത്ത മൂല്യച്യുതിയിലേക്ക്. നിലവിലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേർക്ക് ആരോപണമുന്നയിക്കുന്ന സ്ത്രീ ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയതിന് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിലെ മുഖ്യ പ്രതികളിലൊരാളാണ്. മുൻ മുഖ്യമന്ത്രിക്കും യു.ഡി.എഫ് നേതാക്കൾക്കുംനേരെ ആരോപണം ചൊരിഞ്ഞ സ്ത്രീയാകട്ടെ സംസ്ഥാനത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി. ഇരുവരുമാണ് കുറച്ചുകാലമായി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്.
നോട്ട് നിരോധനത്തെതുടർന്ന് ക്ഷീണാവസ്ഥയിലായ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കോവിഡ് മഹാമാരിക്കുശേഷം കടുത്ത തകർച്ചയാണ് നേരിടുന്നത്. വായ്പ പരിധിയിലെ കേന്ദ്രനിയന്ത്രണത്തെ തുടർന്ന് ബജറ്റിന് പുറത്ത് കിഫ്ബിപോലുള്ള ഏജൻസികളെ ഉപയോഗിച്ച് വായ്പ ശേഖരിക്കുന്നത് കൂടുതൽ ബാധ്യതകളിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷം. ദേശീയതലത്തിൽ യാഥാർഥ്യമായ ഹിന്ദുത്വ ഫാഷിസം സംസ്ഥാനത്തും ഭരണകൂട സ്ഥാപനങ്ങളിൽ വിശ്വരൂപം കാട്ടിത്തുടങ്ങി. ഇതിനെയൊന്നും അഭിമുഖീകരിക്കാൻ കേരളത്തിലെ പ്രമുഖ മുന്നണികൾ തയാറാകുന്നില്ല. പകരം കുറ്റാരോപിതരുടെ വാചകമേളക്ക് ചുറ്റും ഭ്രമണം ചെയ്യാനാണ് മുന്നണി നേതൃത്വങ്ങൾക്ക് താൽപര്യം. ഇതുവഴി ജനകീയ വിഷയങ്ങളിൽ ചോദ്യം ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുകയെന്ന അടിസ്ഥാന പാർലമെന്ററി ജനാധിപത്യ തത്ത്വങ്ങൾപോലും ലംഘിക്കപ്പെടുന്നു.
കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പി ഇത്തവണ വിവാദങ്ങളിൽ ഇറങ്ങിക്കളിക്കാത്തത് ശ്രദ്ധേയമാണ്. എച്ച്.ആർ.ഡി.എസ് എന്ന സംഘ്പരിവാർ അനുബന്ധ സംഘടന സ്വർണക്കടത്ത് കേസ് പ്രതിക്ക് തണൽ വിരിച്ചുനിൽക്കുന്നത് മാത്രമാണ് അപവാദം. കള്ളക്കടത്ത്-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ ആരോപണമാമാങ്കത്തിന് പിറകെ എൽ.ഡി.എഫും യു.ഡി.എഫും ഓടുമ്പോൾ അധികാര രാഷ്ട്രീയം ചെന്നെത്തിയ അപഹാസ്യതയിൽ തലകുനിക്കുകയാണ് പൊതുജനം. ഇതാകട്ടെ കേരളത്തിലെ മധ്യവർഗ അരാഷ്ട്രീയ മനസ്സിലേക്ക് ബി.ജെ.പിക്ക് കയറിക്കൂടാൻ വാതിൽ തുറന്നേക്കുമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് അരങ്ങേറിയ വിവാദങ്ങളും അരാഷ്ട്രീയ സമരങ്ങളും ഒടുവിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പരവതാനി വിരിച്ചത് കേരളത്തിലും ആവർത്തിക്കുമോ എന്ന ആശങ്ക അവർ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.