പി.എസ്.സി: 10 മാര്‍ക്ക് ഇനി മാതൃഭാഷക്ക് 

തിരുവനന്തപുരം: ബിരുദതലം വരെയുള്ള പി.എസ്.സി പരീക്ഷകളില്‍ മലയാളം വിഷയമായി ഉള്‍പ്പെടുത്താന്‍ പി.എസ്.സി തീരുമാനിച്ചതായി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍. ഭരണഭാഷക്ക് പ്രാധാന്യം നല്‍കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.  വിവിധ കാരണങ്ങളാല്‍ നടപടി വൈകുന്ന 2016 നവംബര്‍ ഒന്നുവരെയുള്ള ഫയലുകള്‍ ഒക്ടോബര്‍ 31ന് മുമ്പ് തീര്‍പ്പാക്കാനുള്ള കര്‍മപദ്ധതിയും വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു. ഇതിന് പ്രത്യേക സമിതി രൂപവത്കരിക്കും.

ഏത് ബിരുദവും യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള പരീക്ഷകളിലാണ് ചിങ്ങം ഒന്നുമുതല്‍ മലയാള ഭാഷയില്‍നിന്ന് 10 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാവുക. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ കന്നടയോ തമിഴോ ആവും. തര്‍ജമക്ക് പകരം അതത് ഭാഷകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. തുടര്‍പ്രവര്‍ത്തനങ്ങളും സാങ്കേതിക നടപടികളും ഭാഷാവിദഗ്ധരുടെ സഹായത്തോടെ ആരംഭിച്ചു. 15 മൊഡ്യൂള്‍ ചോദ്യങ്ങള്‍ക്ക് അംഗീകാരവും നല്‍കി. 

കോടതി നടപടികള്‍ക്കും നിയമപരമായ തടസ്സങ്ങള്‍ക്കും വിധേയമാകാത്ത ഫയലുകളാണ് തീര്‍പ്പാക്കുക. മുന്‍ഗണനക്രമം അനുസരിച്ച് ഫയലുകള്‍ പരിഗണിക്കും. ഇതിന് 14 ജില്ലയിലും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. ജീവനക്കാര്‍ 20 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടിവരും. 2015-16 കാലയളവിലെ ഫയലുകളാണ് മുടങ്ങിക്കിടക്കുന്നവയില്‍ കൂടുതലും. സേവനങ്ങള്‍ വേഗം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ഒൗദ്യോഗിക വെബ്സൈറ്റ് മലയാളഭാഷയിലും ലഭ്യമാക്കും. ഓണ്‍ലൈന്‍ പരീക്ഷ വ്യാപകമാക്കും. നിലവില്‍ 2000ത്തില്‍ താഴെ അപേക്ഷകരുള്ളപ്പോഴാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. 

കൂടുതല്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് കുറഞ്ഞത് 1000 അപേക്ഷകളുള്ള തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷക്ക് ആലോചനയുണ്ട്. 10,000 പേര്‍ക്കുള്ള സംവിധാനം യാഥാര്‍ഥ്യമായാല്‍ മൊത്തം പരീക്ഷകളുടെ 40 ശതമാനം ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലേക്ക് മാറ്റും. ഓണ്‍ലൈന്‍ അപേക്ഷകളിലെ പിഴവ് ഒഴിവാക്കാന്‍ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി ഓഫിസുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - kerala psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.