തിരുവനന്തപുരം: വേനല്‍മഴക്ക് പിന്നാലെ ഇടവപ്പാതിയിലും കേരളത്തിന് അടിതെറ്റി. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (ഇടവപ്പാതി) 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2039.7മി.മീ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 1352.3 മി.മീ മാത്രം. 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതാണിത്. മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചയിലേക്കും വൈദ്യുത പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്.
കേരളത്തിന്‍െറ ജലലഭ്യതയുടെ 80 ശതമാനവും ഇടവപ്പാതിയില്‍നിന്നാണ്. വൈദ്യുതോല്‍പാദനം,കൃഷി തുടങ്ങിയവയൊക്കെ ഇതിനെ അടിസ്ഥാനമാക്കിയാണ്. വര്‍ഷങ്ങളായി ഇടവപ്പാതി സംസ്ഥാനത്ത് അല്‍പം ഉള്‍വലിഞ്ഞിട്ടുണ്ടെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴ തുണച്ചിരുന്നു. ഇത്തവണ പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസം മൂലം വേനല്‍മഴയില്‍ 18 ശതമാനം കുറവാണ് ഉണ്ടായത്.
ഒക്ടോബര്‍ 15 മുതല്‍ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുലാവര്‍ഷത്തിലാണ് (വടക്ക് കിഴക്കന്‍ കാലവര്‍ഷം) പ്രതീക്ഷ. തുലാവര്‍ഷവും ചതിച്ചാല്‍ കനത്ത ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തവണയും വയനാട്ടിലാണ് തീരെ മഴ കുറഞ്ഞത് (59 ശതമാനം). 2632.1മി.മീ പ്രതീക്ഷിച്ചിടത്ത് 1073.8.മി.മീ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഇവിടെ മഴയുടെ കുറവ് 39 ശതമാനമായിരുന്നു. 44 ശതമാനം കുറവ് രേഖപ്പെടുത്തിയ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍പോലും പ്രതീക്ഷിച്ചതിലും 25 ശതമാനം കുറവാണ് പെയ്തത്.
തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും മഴയും വെള്ളപ്പൊക്കമുണ്ടായിട്ടും സംസ്ഥാനത്തെ ഇടവപ്പാതി കൈയൊഴിഞ്ഞത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയടക്കം ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. കേരള തീരത്ത് ന്യൂനമര്‍ദം ശക്തിപ്രാപിക്കാത്തതും കാലവര്‍ഷം ശക്തിപ്പെടുത്തുന്ന മണ്‍സൂണ്‍ കാറ്റിന്‍െറ പ്രവാഹം ഉത്തരേന്ത്യയിലേക്ക് ഗതിമാറിയതും മഴ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ‘എല്‍നിനോ’യുടെ വിപരീത പ്രതിഭാസമായ ‘ലാനിന’ കേരളത്തില്‍ ശക്തിപ്രാപിക്കുമെന്ന് കരുതിയെങ്കിലും അതും മണ്‍സൂണ്‍ കാറ്റിന്‍െറ ഗതിക്കൊപ്പം ഉത്തരേന്ത്യയിലേക്ക് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.