കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ ശക്തി തീരുമാനിക്കും. ഏതാനും ദിവസങ്ങളായി മഴയുടെ അളവ് സംസ്ഥാനത്തൊട്ടാകെ കുറഞ്ഞു. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനാണ് കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ സാധ്യത പ്രവചിക്കുന്നത്. ഇത് തുടർന്നുള്ള ദിവസങ്ങളിൽ ന്യൂനമർദമായി ശക്തിപ്രാപിച്ച് മധ്യ ഇന്ത്യയിലേക്ക് നീങ്ങുന്നതും പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റെ സ്വഭാവവും അനുസരിച്ചായിരിക്കും 19, 20 തീയതികൾക്ക് ശേഷമുള്ള കേരളത്തിലെ മഴ.
നിലവിൽ ചൊവ്വാഴ്ചവരെ പ്രത്യേകിച്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള തീരത്തെ ന്യൂനമർദപാത്തി ദുർബലമായതിനാൽ ഒറ്റപ്പെട്ട സാധാരണ മഴക്കുള്ള സാധ്യത മാത്രമാണുള്ളത്. കഴിഞ്ഞ ഒന്നര മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ലഭിക്കേണ്ടതിന്റെ 34 ശതമാനം കുറവ് മഴയാണ് കേരളത്തിൽ കിട്ടിയത്. കഴിഞ്ഞ നാലു വർഷത്തെ ജൂൺ ഒന്ന് മുതൽ ജൂലൈ 15വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം ലഭിക്കേണ്ടിയിരുന്നതിനെക്കാൾ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇത്തവണയാണ്. 973 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 636.4 മി.മീ. മഴ മാത്രമാണ് കിട്ടിയത്. 2022ൽ ഇത് 793 മില്ലീമീറ്ററായിരുന്നു.
2019 മുതൽ 2021വരെയുള്ള കാലയളവിൽ 1009.3 മി.മീ. മഴയാണ് ശരാശരി ലഭിക്കേണ്ടിയിരുന്നത്. 2021ൽ 33 ശതമാനം മഴ കുറഞ്ഞതിലൂടെ ലഭിച്ചത് 678 മി.മീ. മഴയാണ്. 2020ൽ 755 മി.മീ. മഴ ലഭിച്ചപ്പോൾ ലഭിക്കേണ്ടിയിരുന്നതിനെക്കാൾ 25 ശതമാനം കുറഞ്ഞു. 2019ൽ 46 ശതമാനം മഴ കുറഞ്ഞ് 541 മില്ലീമീറ്ററാണ് കിട്ടിയത്. ശരാശരി ലഭിക്കേണ്ട മഴയിലും കുറവ് സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജൂൺ, ജൂലൈ മാസങ്ങളിൽ മഴ ലഭിക്കുന്നത് കുറവായതിനാലാണ് ഈ വ്യത്യാസം വരുന്നതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 2021 മുതൽ 2023വരെ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. ഈവർഷം 1133 മി.മീ., 2022ൽ 1472 മി.മീ., 2021ൽ 1041 മി.മീ. എന്നിങ്ങനെയാണ് കാസർകോട് ലഭിച്ച മഴ. 2020ൽ 1375 മി.മീ. മഴ കിട്ടിയ കണ്ണൂർ ജില്ലയും 2019ൽ 909 മി.മീ. മഴ കിട്ടിയ കോഴിക്കോടുമായിരുന്നു മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.