മഅ്ദനിക്ക് കേരളം സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബംഗ്ളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കി. എന്നാല്‍ മാനുഷിക പരിഗണനയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയത്. മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. മഅ്ദനി കേരളം സന്ദര്‍ശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

2013-നും 2016-നും ഇടക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്‍നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണ്. കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബംഗ്ളൂരു പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മഅ്​ദനി വിഷയത്തിൽ പി.ഡി.പി നേതാക്കൾ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയിരുന്നു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജി​​െൻറ നേതൃത്വത്തിലുള്ള നിവേദകസംഘം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചു. പിണറായി വിജയന്‍, സിദ്ധരാമയ്യ എന്നിവരുമായി പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. മഅ്ദനി കേരളത്തിലെത്തുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ തയാറാണെന്ന് പിണറായി ചെന്നിത്തലക്ക്​ ഉറപ്പ്​ നൽകി. 

Tags:    
News Summary - kerala ready to take security of madani visit- pinarayi vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.