പൊതു ഖജനാവ് കൊള്ളയടിക്കുന്ന നിർമാണ പ്രവർത്തനങ്ങളെയെല്ലാം മലയാളി വിശേഷിപ്പിക്കുന്നൊരു പേരുണ്ട്-പഞ്ചവടിപ്പാലം. 'ഐരാവതക്കുഴി' പഞ്ചായത്തിലെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തുചേർന്ന് നടത്തുന്ന അഴിമതി വരച്ചുകാട്ടിയ കെ.ജി. ജോർജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' എന്ന സിനിമയിൽ നിന്ന് കിട്ടിയ പേരാണത്. മലയാളത്തിലെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമയായ 'പഞ്ചവടിപ്പാലം' റിലീസ് ചെയ്തിട്ട് ഇന്ന് 36 വർഷം തികയുന്നു. ഹൈകോടതി പോലും 'പഞ്ചവടിപ്പാലം' എന്ന് വിശേഷിപ്പിച്ച പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങിയതും ഇന്നുതന്നെ. 1984 സെപ്റ്റംബർ 28നാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. 2020 സെപ്‌തംബർ 28ന് പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതോടെ ഈ യാദൃശ്ചികത ആഘോഷമാക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
ഒരു സാങ്കൽപിക പഞ്ചായത്തിൽ പണിത 200 അടി നീളമുള്ള പഞ്ചവടിപ്പാലത്തിെൻറയും 750 മീറ്ററിലേറെ നീളം വരുന്ന യഥാർഥ മേൽപ്പാലമായ പാലാരിവട്ടം പാലത്തിേൻറയും 'വിധി'യിലെ സമാനത ചൂണ്ടിക്കാട്ടി നിരവധി േട്രാളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച കാലാതീത സിനിമയൊരുക്കിയ കെ.ജി. ജോർജിെൻറയും കഥയൊരുക്കിയ വേളൂർ കൃഷ്ണൻകുട്ടിയുടെയും 'ദീർഘവീക്ഷണ'ത്തെ പ്രശംസിക്കുന്നുമുണ്ട് മലയാളികൾ.
വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥയെ ആസ്പദമാക്കിയാണ് കെ.ജി. ജോര്‍ജ് സിനിമയൊരുക്കിയത്. ഗാന്ധിമതി ബാലനായിരുന്നു നിർമാണം. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയപ്പോൾ സംഭാഷണമെഴുതാൻ കാർട്ടൂണിസ്റ്റ് യേശുദാസനും ഇവർക്കൊപ്പം ചേർന്നു.
രാഷ്ട്രീയക്കാർക്ക് പണം തട്ടിയെടുക്കുന്നതിന് വേണ്ടി ബലക്ഷയമുണ്ടെന്ന് വരുത്തി തീർത്ത് നിലവിലുള്ള പാലം പൊളിക്കുന്നതും ഉദ്ഘാടനത്തിെൻറയന്ന് പുതിയ പാലം പൊളിഞ്ഞ് വീഴുന്നതുമാണ് സിനിമയിലുള്ളത്. സിനിമ കേരളം ഏറ്റെടുത്തതോടെ ഇത്തരം പണം തട്ടിപ്പ് പദ്ധതികളെയെല്ലാം മലയാളികൾ പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ച് തുടങ്ങി. പാലാരിവട്ടം പാലത്തിെൻറ കാര്യത്തിൽ സമാന സാഹചര്യങ്ങൾ ഉടലെടുത്തതോടെ ഈ പാലത്തെ ഹൈകോടതി വിശേഷിപ്പിച്ചതും പഞ്ചവടിപ്പാലം എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.