തൃശൂർ: ആഗോള താപനത്തെത്തുടർന്നുള്ള കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യയിൽ ഉൾപ്പെടെയുള്ള ദരിദ്രജനതയുടെ വികസനം തടസ്സപ്പെടുത്തിയാകരുതെന്ന് ബാംഗ്ലൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രഫ. ഡോ. തേജൽ കനിത്കർ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആഗോളതാപനത്തിന് കാരണമായ കാർബൺ, മറ്റ് ഹരിതഗൃഹവാതകങ്ങൾ എന്നിവയുടെ പുറന്തള്ളലിന്റെ 60 ശതമാനവും അമേരിക്ക, ചൈന തുടങ്ങി 17 ശതമാനം വരുന്ന വികസിത സമ്പന്ന രാജ്യങ്ങളുടെ സംഭാവനയാണ്. അമേരിക്കയിലെ ഒരു ഫ്രിഡ്ജ് ഒരുവർഷം പ്രവർത്തിക്കാനാവശ്യമായ ഊർജം ആഫ്രിക്കയിലെ ഒരു മനുഷ്യൻ ഉപയോഗിക്കുന്ന മൊത്തം ഊർജത്തെക്കാൾ കൂടുതലാണ്. ഇവരുടെ ഭീമമായ കാർബൺ പുറന്തള്ളലിനെ ആഗിരണം ചെയ്യാനാകരുത് അവികസിതരാജ്യങ്ങളിലെ വനവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെന്ന് അവർ പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാന സെക്രട്ടറിമാരായ പി. പ്രദോഷ്, എൽ. ഷൈലജ, ട്രഷറർ എം. സുജിത്, കേന്ദ്ര നിർവാഹകസമിതി അംഗം അഡ്വ. കെ.പി. രവിപ്രകാശ് എന്നിവർ സംസാരിച്ചു. ഡോ. സഫറുള്ള ചൗധരി അനുസ്മരണം ഡോ. ബി. ഇക്ബാൽ നിർവഹിച്ചു.
എം.സി. നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം ഡോ. ഡാലി ഡേവിസ്, ഡോ. വൈശാഖൻതമ്പി എന്നിവർക്ക് ഡോ. എം.പി. പരമേശ്വരൻ സമ്മാനിച്ചു. ഡോ. വൈശാഖൻ തമ്പി രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ‘കാലാവസ്ഥ: ഭൗതികവും ഭൗമികവും’ പുസ്തകം ഡോ. തേജൽ കനിത്കർ ഡോ. ഡാലി ഡേവീസിന് നൽകി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.