കൊല്ലം: ‘സിനാനെ നിന്റെ സ്വപ്നംപോലെ സംസ്ഥാന കലോത്സവത്തിന് നമ്മളെത്തീട്ടോ, നീയാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. സന്തോഷിക്കുവല്ലേ നീ...’ കണ്ണീർ നനവിലും പുഞ്ചിരിച്ച് കൂട്ടുകാരനോട് ചോദിക്കുകയാണവർ. അവരുടെ ചോദ്യം കേട്ട് അങ്ങനെയൊന്നും ചിരിക്കാത്ത മുഖത്ത് നിറപുഞ്ചിരിവന്നിട്ടുണ്ടാകും. പക്ഷേ, ആ പുഞ്ചിരി ഒന്നു കാണാൻ ഈ കൂട്ടുകാർക്ക് പറ്റുന്നില്ല.
അങ്ങ് പറുദീസയിലിരിക്കുന്നവന്റെ ചിരി എങ്ങനെ കാണാനാണ്...കൊല്ലത്ത് എത്തിയപ്പോഴും തങ്ങളെ ചേർത്തുനിർത്തുന്ന സ്നേഹശക്തിയായി ഇടതുനിരയിൽ പി.എൻ. മുഹമ്മദ് സിനാൻ ഇപ്പോഴുമുണ്ടെന്ന് വയനാട് പനമരം ജി.എച്ച്.എസ്.എസിന്റെ വട്ടപ്പാട്ട് സംഘത്തിന് ഉറപ്പാണ്. കാരണം ‘നമുക്ക് ഈ വർഷം വട്ടപ്പാട്ട് കളിക്കാമെടാ’ എന്ന ആവേശത്തോടെ ടീമിനെ തയാറാക്കിയത് അവനായിരുന്നു. പരിശീലനം ഉഴപ്പാൻ ഒരാളെപ്പോലും അനുവദിച്ചുമില്ല. സംസ്ഥാന കലോത്സവ വേദി കൂട്ടുകാരുമൊത്ത് കീഴടക്കുന്നത് സ്വപ്നം കണ്ടതും അവനായിരുന്നു.
ഒടുവിൽ ആ സ്വപ്നത്തിലേക്കുള്ള ആദ്യ പടവിന് രണ്ടുദിനം മുമ്പ് അവൻ പോയി. കലയും പഠനവും സ്പോർട്സും ഒരുപോലെ ഇഷ്ടപ്പെട്ട ആ പ്ലസ്ടുക്കാരൻ നവംബർ 14ന് സ്കൂളിലെ നെറ്റ്ബാൾ പരിശീലനത്തിനിടെ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചിട്ടും സൈലന്റ് അറ്റാക്കിനെ തടുക്കാനായില്ല. അവന്റെ പേരിൽ പാർട്ടിസിപ്പന്റ് കാർഡ് അടിച്ച ഉപജില്ല മത്സരത്തിന് രണ്ടുനാളായിരുന്നു ബാക്കി. കൂട്ടുകാർ തകർന്നുപോയി, അവനില്ലാത്ത കളിക്കില്ലെന്ന് ഉറപ്പിച്ചു. എന്നാൽ, അധികം ചിരിക്കാത്ത നീ വട്ടപ്പാട്ടിൽ ചിരിക്കുന്നത് കാണാൻ വരുമെന്ന് പറഞ്ഞ് സിനാനെ കളിയാക്കി കാത്തിരുന്ന ഉമ്മയുടെയും ഉപ്പയുടെയും സങ്കടം അവരെ പൊതിഞ്ഞുനിർത്തി. ‘അവന്റെ ചിരി നിങ്ങളിലൂടെ കാണണം’ എന്ന മാതാപിതാക്കളുടെ വാക്ക് ഊർജമായി. കുട്ടികളെ അധ്യാപകർ ആശ്ലേഷിച്ചു പറഞ്ഞു, സിനാനുവേണ്ടി സംസ്ഥാനത്ത് കളിക്കണം. പൂർവ വിദ്യാർഥികൾ കൂടിയായ പരിശീലകർ സാലിഹിനും അദ്നാനും ചങ്ക് തകർന്നിട്ടും ഒപ്പംനിന്നു.
സിനാന് പകരക്കാരൻ വന്നിട്ടും ആദ്യം പരിശീലിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസംകൊണ്ട് പരിശീലിച്ച്, സിനാന്റെ ഇക്കയെ സാക്ഷിയാക്കി ഉപജില്ലയിൽ ഒന്നാമതായപ്പോൾ പൊട്ടിക്കരച്ചിലായിരുന്നു ആഘോഷം. ജില്ലയിലും ഒന്നാമതായി സംസ്ഥാന വേദിയിൽ അവന്റെ സ്വപ്നം യാഥാർഥ്യമാക്കിയപ്പോഴും നദീമും ഫസലും മിഥിലാജും ഡാനിഷും മിൻഹാജും നിജാദും അനുഷും അമാൻ അബ്ദുല്ലയും അമൽ റസ്മിലും അമിൻ റസയും അടങ്ങുന്ന സംഘത്തിന്റെ കണ്ണുകൾ തോർന്നില്ല. ഒരുനിമിഷം പോലും മായാതെ മനസ്സിലുണ്ട് അവൻ, കരുത്തായി ആ ഉപ്പയുടെയും ഉമ്മയുടെയും പ്രാർഥനയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.