കൊല്ലം: ഇശലുകൾ പെയ്തിറങ്ങിയ 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിറഞ്ഞുകവിഞ്ഞ മാപ്പിളപ്പാട്ട് വേദിയിൽ ആസ്വാദകരുടെ മനം കവർന്ന മാപ്പിളപ്പാട്ടുകളിൽ അധികവും ഇർഷാദ് സ്രാമ്പിക്കൽ എന്ന യുവസംഗീത സംവിധായകന്‍റേത്. ബദർ യുദ്ധ ചരിത്രം പശ്ചാത്തലമാക്കി മാപ്പിള കവി ഒ.എം. കരുവാരകുണ്ട് എഴുതിയ 'അതെനിടെ മതിശയ കൊശിയെണ്ടും', ഹുനൈൻ യുദ്ധ ചരിത്രം ആസ്പദമാക്കി ബദറുദ്ദീൻ പാറന്നൂർ രചിച്ച 'ജുനൂദാക്കൾ ഹവാസിൻ', സീറത്തുന്നബവിയ്യയിലെ 'തെരികനെ അപ്പോളുത്' എന്നീ ഗാനങ്ങളും ഫസൽ കൊടുവള്ളി രചിച്ച അലിയാർ ഫാത്തിമ തങ്ങളുടെ കല്യാണ ചരിത്രം പറയുന്ന 'അലിയാരെ തരുൽനാരി', ഖിസ്സത്തു ഹിജ്റയിലെ 'ദൂതരാം നബി ഒരു ദിനം തിരുബൈത്തിൽ', വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നെഞ്ചൂക്കിന്‍റെ ചരിത്രം പറയുന്ന 'വാരിയൻ കുന്നത്ത് ഹാജി വീരരാം...' എന്ന് തുടങ്ങുന്ന ഗാനവും നസ്രുദ്ദീൻ മണ്ണാർക്കാടിന്‍റെ 'ബദറങ്ക മൊരുങ്കി ഖുറൈശിയുടെ' എന്ന് തുടങ്ങുന്ന ഗാനങ്ങൾ, കുഞ്ഞഹമ്മദുബ്നു കുഞ്ഞു മരക്കാർ എന്നിവരുടെ 'ഫാരിതമാം ഫൈസാമ്പരെ' എന്ന് തുടങ്ങുന്ന ഗാനങ്ങൾക്കെല്ലാം ഈണം നൽകിയത് ഇർഷാദ് സ്രാമ്പിക്കല്ലാണ്.
പ്രഗത്ഭരായ ഈ അഞ്ചു രചയിതാക്കളുടെ എട്ടു ഗാനങ്ങളുമായി ഏഴ് ജില്ലകളെ പ്രതിനിധീകരിച്ച് വിജയം കൈവരിച്ചത് പത്തു മത്സരാർത്ഥികളാണ്. കൂടെ തിരുവനന്തപുരം ജില്ലയിൽനിന്നെത്തിയ പരിശീലകൻ നഫ്സലിന്‍റെ വട്ടപ്പാട്ടിന്റെ ഈണങ്ങളും ഇർഷാദിന്റേതായിരുന്നു.
കഴിഞ്ഞവർഷവും സംസ്ഥാനതലത്തിൽ നടന്ന സ്കൂൾ, ക്യാമ്പസ് കലോത്സവങ്ങളിൽ വിജയം കൈവരിച്ചവരിൽ 17 പേരും ഇർഷാദിന്‍റെ ഗാനങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. മലപ്പുറം കാളികാവ് സ്രാമ്പിക്കല്ല് സ്വദേശിയായ ഇർഷാദ് കേരള മാപ്പിളകലാ അക്കാദമി സ്റ്റേറ്റ് ജൂറി അംഗവും മലപ്പുറം ജില്ലാ മാപ്പിളകലാ അക്കാദമി യൂത്ത് വിംഗ് ഇശൽ കൂട്ടം ഉപാധ്യക്ഷനും കൂടിയാണ്. 20ൽ അധികം തനതുമാപ്പിളപ്പാട്ടുകളടക്കം 100ലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.